അന്നമനട∙ കെട്ടിടം പുനർനിർമാണം പൂർത്തീകരിച്ചിട്ടും വൈന്തല നമ്പർ 1 പമ്പ് ഹൗസ് പ്രവർത്തനം വൈകുന്നു. മാസങ്ങളോളം നിർമാണം പൂർത്തീകരിക്കാതെ കിടന്നതിനെ തുടർന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ഇടപെട്ട് നടപടികൾ വേഗത്തിൽ ആക്കിയിരുന്നു. എന്നാൽ, നാളിതുവരെ പമ്പിങ് ആരംഭിച്ചിട്ടില്ല.
കനാൽ വഴി വെള്ളം എത്താതായതോടെ അന്നമനട പഞ്ചായത്തിലെ ആലത്തൂർ, വെണ്ണൂർ വാർഡുകൾ കടുത്ത വരൾച്ചയിലാണ്. കിണറുകൾ, പൊതു ജലാശയങ്ങൾ ഉൾപ്പെടെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. നെല്ല്, ജാതി, കവുങ്ങ് തുടങ്ങിയവയെല്ലാം നാശത്തിന്റെ വക്കിലാണ്. വെണ്ണൂർ പ്രദേശത്തെ ജാതിമരങ്ങൾക്ക് ഉണക്ക് ബാധിച്ചിട്ടുണ്ട്. നെൽപ്പാടങ്ങൾ കട്ട വിണ്ട നിലയിലാണ്. മറ്റു പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് കർഷകർ വിളകളെ സംരക്ഷിക്കുന്നത്.
വരൾച്ച രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം സുനിത സജീവന്റെ നേതൃത്വത്തിൽ വെള്ളം ടാങ്കറിലെത്തിച്ച് വിതരണം നടത്തിയിരുന്നു. ഉടനടി പമ്പിങ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ഊക്കൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത സജീവൻ, ആനി ആന്റു എന്നിവർ ആവശ്യപ്പെട്ടു.
മോട്ടറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ഇറിഗേഷൻ വകുപ്പ് കൊടകര ഡിവിഷൻ അധികൃതർ പറഞ്ഞു. വൈദ്യുതി ലഭിക്കുന്നതിന് കെഎസ്ഇബിയിലും അപേക്ഷ നൽകിയിട്ടുണ്ട്. കത്ത് ലഭിച്ചതായും എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് അന്നമനട അസി. എൻജിനീയർ അറിയിച്ചു.