കൊരട്ടി∙ ഹോർട്ടിക്കൾച്ചർ തെറപ്പി പ്രോഗ്രാമിനു വേണ്ടി ഗാന്ധിഗ്രാം സർക്കാർ ത്വക് രോഗാശുപത്രി വളപ്പിൽ ഏറ്റെടുത്ത ഭൂമി അനാഥമായിട്ട് 25 വർഷം. ഒരേക്കറിലധികമുള്ള ഈ ഭൂമിയിൽ കൃഷിയിറക്കാൻ സന്നദ്ധരായി ഒട്ടേറെ പേരെത്തിയെങ്കിലും ജലലഭ്യതയുടെ കുറവ് ചൂണ്ടിക്കാട്ടി ശ്രമം ഉപേക്ഷിച്ചതായാണ് പറയപ്പെടുന്നത്. 1997-98 സാമ്പത്തിക വർഷത്തിലാണ് കൃഷിവകുപ്പ് കൊരട്ടി കൃഷി ഭവൻ വഴി ഹോർട്ടിക്കൾച്ചർ തെറപ്പി പ്രോഗ്രാമിനായി ആശുപത്രിയിലെ ഇൻപേഷ്യന്റ് ജയിൽ നിലനിന്നിരുന്ന ഭാഗം ഏറ്റെടുത്തത്.
5 ലക്ഷം രൂപയാണ് പദ്ധതിക്കായി അക്കാലത്ത് നീക്കി വച്ചത്. പച്ചക്കറി കൃഷിയാരംഭിച്ചെങ്കിലും വെള്ളത്തിന്റെ ലഭ്യത കുറവായതിനെ തുടർന്ന് കൃഷി മുടങ്ങി. ജലലഭ്യതയുള്ള കിണറും ബ്രാഞ്ച് കനാലും സമീപത്തുണ്ടെങ്കിലും ഇവിടെ നിന്ന് വെള്ളം സ്ഥിരമായി എത്തിക്കാള്ള സാങ്കേതിക ബുദ്ധിമുട്ടാണ് അന്ന് കൃഷിയെ ബാധിച്ചത്. 2010 ലെ പഞ്ചായത്ത് ഭരണസമിതി കുടുംബശ്രീ യൂണിറ്റുകളെ നിയോഗിച്ച് കൃഷി നടത്തിയെങ്കിലും തുടരാനായില്ല.
അന്തേവാസികളുടെ ഇൻപേഷ്യന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ആദ്യ കാലത്ത് കൃഷിയുടെ ചുമതലയുണ്ടായിരുന്നത്. ആശുപത്രി വളപ്പിൽ തന്നെ കശുമാവ്, തെങ്ങ് പച്ചക്കറികൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ജല ലഭ്യതയ്ക്കായി സ്ഥിരം സംവിധാനമൊരുക്കു കയാണെങ്കിൽ കൃഷിചെയ്യാൻ നാട്ടിൽ ഒട്ടേറെ പേർ സന്നദ്ധരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർക്കാർ നേരിട്ട് ഭൂമി കൃഷിക്കായി നൽകണമെന്നും ആവശ്യമുണ്ട്.