വീടിനോടു ചേർന്ന് ഒരു കെട്ടിടം പണിതു പോയതിന്റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ അതിനുവഴങ്ങാതിരുന്ന ഉപ്പയെ നിർദാക്ഷിണ്യം കൂട്ടമായി ഉപദ്രവിക്കുന്നത് കണ്ട് ആ പതിനാറുകാരി വല്ലാതെ വേദനിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്ന തനിക്ക് കരുത്തായ.. ഒന്നിനും തളരാത്ത ഉപ്പ അന്യായമായി നേരിടേണ്ടി വന്ന ഉപദ്രവത്തിനു മുന്നിൽ പതറുന്നത് കണ്ടു സഹായിച്ചേ തീരൂ എന്ന് തീരുമാനിച്ചു. ആ പെൺകുട്ടി തന്റെ സങ്കടവുമായി അന്നത്തെ തൃശൂർ കലക്ടറെ സമീപിച്ചു. അതറിഞ്ഞ എല്ലാവരും അവളെ പരിഹസിച്ചു. ഒന്നും നടക്കില്ലെന്ന നിരാശയായിരുന്ന ഉപ്പയുടെ വാക്കുകളിൽ പോലും..
പക്ഷേ.. അവൾക്ക് വിശ്വാസമുണ്ടായിരുന്നു. ശരി എന്നും ജയിക്കും! തന്റെ കുടുംബത്തോട് ഉദ്യോഗസ്ഥ സമൂഹം ചെയ്യുന്ന അനീതിയക്കുറിച്ച് അവൾ കലക്ടറോട് വിശദീകരിച്ചു. പണിത കെട്ടിടത്തിന്റെ അളവ് അനുവദിച്ചതിൽ കൂടുതലെന്നു കള്ളക്കണക്കെഴുതിയ ഉദ്യോഗസ്ഥനെ തന്നെ വീണ്ടും അളക്കാനയയ്ക്കുന്നതിനെയും അതിലെ വിശ്വാസക്കുറവിനെക്കുറിച്ചും ആളെ ചൂണ്ടിക്കാണിച്ചു തന്നെ വിശദീകരിച്ചു പരാതി അന്വേഷിക്കാൻ കലക്ടർ നേരിട്ടെത്തിയതോടെ അതു നാട്ടിലാകെ ചർച്ചയായി.
അന്നോളം ജനം സഹതാപത്തോടെ കണ്ടിരുന്ന ആ പെൺകുട്ടിക്ക് ആ അംഗീകാരം നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. നഫീസത്തുൽ മിസ്‌രിയ എന്ന സ്ത്രീയുടെ വിജയകഥ തുടങ്ങുന്നത് അവിടെ നിന്നായിരുന്നു. മനസ്സുവച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവൾക്ക് ബോധ്യമായി. കഴിയില്ല എന്നു തോന്നിയ ഓരോന്നിനോടും മത്സരിച്ചു; ജയിച്ചു.
രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച കാലുമായി എങ്ങനെ ജീവിക്കുമെന്നു സഹതപിച്ചവർക്കു മുന്നിൽ ബൈക്കുമുതൽ മണ്ണുമാന്തിയന്ത്രം വരെ ഓടിക്കാൻ പഠിച്ചു. ആണുങ്ങളുടേത് എന്നു കരുതപ്പെട്ടിരുന്ന നിർമാണമേഖലയിൽ തന്റെ പേരു രേഖപ്പെടുത്തിക്കഴിഞ്ഞു ഈ വനിതയും അവരുടെ മിൻഹാജ് ബിൽഡേഴ്സ് എന്ന കമ്പനിയും. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
ബുദ്ധിമുട്ടുകൾ നിറഞ്ഞ പഠന കാലത്തിനു ശേഷം സർക്കാർ സർവീസിൽ അവസരം ലഭിച്ചെങ്കിലും അത് അവരെ തൃപ്തിപ്പെടുത്തിയില്ല. വലിയ സ്വപ്നങ്ങൾ സ്വന്തമാക്കാൻ സർക്കാർ ജോലി കൊണ്ട് സാധിക്കില്ലെന്നും തിരിച്ചറിഞ്ഞു. അല്ലെങ്കിൽ പിന്നെ കൈക്കൂലിക്കാരിയായി മാറേണ്ടി വരും. ജീവിതം സത്യസന്ധമാകണം എന്ന നിർബന്ധമുള്ളതിനാൽ ജോലി ഉപേക്ഷിച്ചു.
നിർമാണ മേഖലയെക്കുറിച്ച് കൂടുതൽ പഠിച്ചു. തൃശൂർ തലശേരി സ്വദേശിയായ നഫീസത്തുൽ മിസ്‌രിയ ഇതിനിടയ്ക്ക് കെഎംബിൽഡേഴ്സ് എന്ന പേരിൽ സ്വന്തമായി ഒരു ചെറിയ കമ്പനി സ്ഥാപിച്ചിരുന്നു. പ്ലാൻ വരച്ചുകൊടുത്തും മറ്റും സ്വന്തമായുണ്ടാക്കിയ പണം കൊണ്ട് ആരംഭിച്ചതായിരുന്നു ഈ സ്ഥാപനം. പിന്നീട് വിവാഹിതയായി കുന്നംകുളത്തിനടുത്ത് വടുതലയിലേക്ക് താമസം മാറി.
അവളുടെ സ്വപ്നങ്ങൾക്ക് പിറകേ പോകാൻ ഭർത്താവ് ഷാഫി പൂർണ പിന്തുണ നൽകി. ഇതിനിടയ്ക്ക് കുഞ്ഞു പിറന്നു. തലശേരിയിൽ നിന്നും കമ്പനിയെ ഭർത്താവിന്റെ നാട്ടിലേക്കു പറിച്ചു നട്ടു. 2007 ൽ മകന്റെ പേര് കമ്പനിക്കു നൽകി. ഒരു കയ്യിൽ കൈക്കുഞ്ഞുമായി കല്ലും മണ്ണും പൊടിയും നിറഞ്ഞ നിർമാണ മേഖലയിൽ അവൾ സജീവമായി. പരിമിതിയുടെ പേരിൽ മാറി നിന്നില്ല.
വാസ്തുമുതൽ നിർമാണ മേഖല സംബന്ധിച്ചു സകലതും പഠിക്കാൻ ശ്രമിച്ചു. ആളുകൾ അവളുടെ കഴിവിൽ വിശ്വസിച്ചു. അതോടെ വളർച്ചയാരംഭിച്ചു. ഇന്നു കേരളത്തിലുടനീളം ഇവരുടെ നേതൃത്വത്തിൽ നിർമാണങ്ങൾ നടക്കുന്നു. വീടുകളാണ് കൂടുതലും.. വീട് പുരുഷന്മാരേക്കാൾ സ്ത്രീകളുടെ സ്വപ്നമാണ്.
സ്ത്രീ എൻജിനീയറാകുമ്പോൾ ആ സ്വപ്നത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുമെന്നും അതു വളർച്ചയ്ക്ക് കരുത്താകുമെന്നും നഫീസത്തുൽ മിസ്‌രിയ സാക്ഷ്യപ്പെടുത്തുന്നു. മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരങ്ങൾ നേടിയ ഇവർ എഴുത്തുകാരിയും മോട്ടിവേഷനൽ സ്പീക്കറുമാണ്.