അതിരപ്പിള്ളി ∙ പ്ലാന്റേഷൻ ഓഫിസ് കെട്ടിടം കാട്ടാനക്കൂട്ടം പൊളിച്ചു. അതിരപ്പിള്ളി എസ്റ്റേറ്റ് സി ഡിവിഷനിലെ ഓഫിസാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം തകർത്തത്. ആക്രമണത്തിൽ തകർന്നു വീണ വാതിലുകളും ജനലുകളും ഉപയോഗശൂന്യമായി. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന ഫയലുകളും ഫർണിച്ചറുകളും ആനകളുടെ വിളയാട്ടത്തിൽ താറുമാറായി. ചുമരുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
വൈദ്യുതി വേലി സ്ഥാപിച്ചതോടെ എണ്ണപ്പന തോട്ടത്തിൽ കടക്കാൻ കഴിയാത്ത ആനക്കൂട്ടം റബർ തോട്ടത്തിലാണ് തമ്പടിക്കുന്നത്. ഇതോടെ ടാപ്പിങ് തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് അതിരാവിലെ തോട്ടത്തിൽ ജോലിക്കിറങ്ങുന്നത്. കനത്ത നാശം വരുത്തി വയ്ക്കുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ വൈകുന്നത് സ്ഥാപനത്തിന്റെ നിലനിൽപിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ജീവനക്കാർ നൽകുന്ന സൂചന.