അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ കുഴൽക്കിണർ ഇടിഞ്ഞു; ദാഹിച്ചു വലഞ്ഞ് ചോഴിയംകോട്
Mail This Article
തിരുവില്വാമല∙ മലേശമംഗലം ചോഴിയംകോട് കോളനിയിൽ ജലക്ഷാമം രൂക്ഷം. വെള്ളം ലഭിക്കാതെ വർഷങ്ങളോളം പൊറുതി മുട്ടിയവർക്ക് അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം വീട്ടു മുറ്റത്തെ ടാപ്പിൽ വെള്ളമെത്തിച്ചതു കഴിഞ്ഞ ഏപ്രിലിലാണ്. മലയാള മനോരമ വാർത്തയെത്തുടർന്നായിരുന്നു നടപടി. ഏറെ കാലത്തെ ദുരിതത്തിനു പരിഹാരമായെന്ന ആശ്വാസം അധിക നാൾ നീണ്ടു നിന്നില്ല.
കുഴൽക്കിണർ ഇടിഞ്ഞതോടെ മാസങ്ങൾക്കു മുൻപു ജല വിതരണം മുടങ്ങി. കാൽ നൂറ്റാണ്ടു മുൻപു തുടങ്ങിയ കുഴൽക്കിണറിൽ നിന്നു ഇപ്പോൾ 4 നാൾ കൂടുമ്പോൾ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത് ഒന്നിനും തികയുന്നില്ല. ചില വീടുകളിൽ ഒട്ടും എത്തുന്നില്ലെന്നും പരാതിയുണ്ട്. നാൽപത്തഞ്ചോളം കുടുംബങ്ങളാണ് വെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത്.
സമീപത്തെ ക്രഷർ ഉടമകൾ വാഹനങ്ങളിലെത്തിച്ചു നൽകുന്ന വെള്ളമാണ് ആകെയുള്ള ആശ്വാസം. കിലോ മീറ്ററിലേറെ ദൂരത്തുള്ള സ്വകാര്യ കിണറ്റിൽ നിന്നാണു ശുദ്ധജലം ശേഖരിക്കുന്നത്. കോളനിയുടെ സമഗ്ര വികസനത്തിനു വേണ്ടി 2018ൽ ഒരു കോടി രൂപ വകയിരുത്തി തുടങ്ങിയ അംബേദ്കർ ഗ്രാമം പദ്ധതിയിലെ ജല വിതരണം 4 വർഷമെടുത്താണു തൃശൂർ നിർമിതി കേന്ദ്രം പൂർത്തിയാക്കിയത്.
പദ്ധതി നിർവഹണത്തിനായി പട്ടിക ജാതി വികസന വകുപ്പോ നിർമിതി കേന്ദ്രമോ പിന്നീട് സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്. വകയിരുത്തിയ ഒരു കോടി എന്തായെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരവുമില്ല. കിണർ ഇടിഞ്ഞതു മൂലം മുടങ്ങിയ ജലവിതരണ കാര്യത്തിൽ പോലും മാസങ്ങളായിട്ടും ഇടപെടലുകൾ ഉണ്ടായിട്ടില്ല.