കാട്ടാന ആക്രമണം: ബൈക്കിൽ നിന്നു വീണ് പരുക്ക്
Mail This Article
അതിരപ്പിള്ളി∙ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെഎസ്ഇബി ജീവനക്കാരന് ബൈക്കിൽ നിന്നു വീണു പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ വാഴച്ചാൽ ഷൂട്ടിങ്മുക്ക് ഭാഗത്തായിരുന്നു സംഭവം. പെരിങ്ങൽക്കുത്ത് 24 മെഗാവാട്ട് പദ്ധതി പവർ ഹൗസിലെ ഓവർസീയർ സന്തോഷകുമാർ (54) ആണ് അപകടത്തിൽപ്പെട്ടത്. ജോലിക്കു വരുന്നതിനിടെയാണ് ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. ആക്രമിക്കാനടുത്ത ആനയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണു പരുക്കേറ്റത്. പരുക്കേറ്റ ജീവനക്കാരനെ വനം വകുപ്പ് വാഹനത്തിൽ വെറ്റിലപ്പാറയിൽ എത്തിച്ച ശേഷം ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വാഴാനിയിൽ വീണ്ടും കാട്ടാനയിറങ്ങി
വടക്കാഞ്ചേരി ∙ വാഴാനിയിൽ ഇന്നലെയും കാട്ടാനയിറങ്ങി. കുറ്റിക്കാട് മേഖലയിലാണ് ആനയുടെ സാന്നിധ്യം കണ്ടത്. കുന്നത്തുവളപ്പിൽ സോമന്റെ പറമ്പിലെത്തിയ ആന ചക്കകൾ തിന്നു മടങ്ങി. പീച്ചി വനമേഖലയിൽ നിന്നു കുതിരാൻ വഴി വാഴാനി മേഖലയിൽ എത്തിയ 3 കാട്ടാനകൾ കർഷകരുടെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവാണ്.
മുന്നിൽ ആനക്കൂട്ടം; ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു
പാലപ്പിള്ളി ∙ പിള്ളത്തോടിനു സമീപം കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ട യാത്രികർ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനക്കൂട്ടത്തിനു മുന്നിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പിള്ളത്തോടിനു സമീപത്തായിരുന്നു അപകടം. പാലപ്പിള്ളിയിലേക്ക് ടാപ്പിങ്ങിന് പോകുകയായിരുന്നു. ആനകളെ കണ്ട് ഭയന്ന് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. 8 ആനകളാണ് റോഡ് മുറിച്ചുകടന്നത്. പിന്നീട്, 2 കൂട്ടങ്ങളിലായി 18 ആനകൾ ജ്യുങ്‌ടോളി എസ്റ്റേറ്റിന്റെ 82-ാം ഫീൽഡിൽ നിലയുറപ്പിച്ചു. ആനകൾ തോട്ടത്തിൽ തമ്പടിച്ചതോടെ തൊഴിലാളികൾ ടാപ്പിങ്ങിനിറങ്ങാൻ വൈകി. വാച്ചർമാരുടെ നേതൃത്വത്തിൽ ആനകളെ ആട്ടിപ്പായിച്ചെങ്കിലും വൈകിട്ട് വീണ്ടും എത്തി. കഴിഞ്ഞയാഴ്ച ദമ്പതികൾ കാട്ടാനക്കൂട്ടത്തിനു മുന്നിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.