ADVERTISEMENT

പാലിയേക്കര ∙ മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത നിർമാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി പിഴയിട്ടതു നിർമാണച്ചെലവിന്റെ ഇരട്ടിയോളം.! 1279 കോടി രൂപ പിഴയീടാക്കണമെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർദേശിച്ചപ്പോൾ, കരാർ വ്യവസ്ഥ ഏകപക്ഷീയമായി മാറ്റിയതിനു നഷ്ട പരിഹാരമായി 1736.73 കോടി രൂപ അതോറിറ്റിയിൽ നിന്നു തിരികെയാവശ്യപ്പെട്ട് ടോൾ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. ‘ചേഞ്ച് ഓഫ് സ്കോപ്’ ചട്ടപ്രകാരം നഷ്ടപരിഹാരം എത്രയുംവേഗം നൽകണമെന്നാവശ്യപ്പെട്ട് ടോൾകമ്പനി ആർബിട്രൽ ട്രൈബ്യൂണലിനു പരാതിയും നൽകി.

പിഴയും മറുപടി പിഴയുമായി ടോൾതർക്കം അവകാശയുദ്ധമായി മാറി. ടോൾപാതയുടെ നിർമാണത്തിനു കരാർ കമ്പനിക്കു ചെലവായത് 721.25 കോടി രൂപയാണ്. പാലിയേക്കര ടോൾപ്ലാസ വഴി കഴിഞ്ഞ ജനുവരി 31 വരെ 1135.29 കോടി രൂപ ഇതിനകം ജനങ്ങളിൽനിന്നു പിരിച്ചെടുത്തു കഴിഞ്ഞു. ടോൾപിരിവു തുടങ്ങിയിട്ടു 11 വർഷം കഴിഞ്ഞെങ്കിലും പലയിടത്തും സർവീസ് റോഡുകളുടെയും ഓടകളുടെയും നിർമാണം പൂർത്തിയായിട്ടില്ല. അടിപ്പാത നിർമാണപദ്ധതികളും സമയബന്ധിതമായി നടപ്പായില്ല. ഇതൊക്കെ കണക്കിലെടുത്താണു ദേശീയപാത അതോറിറ്റി വൻതുക പിഴ നിർണയിച്ചത്.

ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങൾ. 682.71 കോടി രൂപ പിഴയിട്ടു എന്നാണ് ആദ്യം ലഭിച്ച രേഖയിലുണ്ടായിരുന്നതെങ്കിലും വിശദാംശങ്ങൾ തേടിയപ്പോൾ 1279.12 കോടി എന്നു തെളിഞ്ഞു. എന്നാൽ, കരാർ വ്യവസ്ഥകളിൽ ദേശീയപാത അതോറിറ്റി വരുത്തിയ  മാറ്റങ്ങൾ മൂലം തങ്ങൾക്കു വൻ നഷ്ടം നേരിട്ടെന്നും പരിഹാരമായി 1736.73 കോടി രൂപ വേണമെന്നുമാണു കമ്പനിയുടെ അവകാശവാദം. ട്രൈബ്യൂണലിലേക്കു പരാതി എത്തിയതോടെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ നൽകാനാകില്ലെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com