ADVERTISEMENT

ഗുരുവായൂർ ∙ സ്വീകരണം നൽകാൻ കാത്തുനിന്ന ഊട്ടിയിലെയും കോയമ്പത്തൂരിലെയും കലക്ടർമാരെ മറികടന്ന് ഓസ്കർ ജേതാക്കളായ ബൊമ്മനും ബെല്ലിയും എത്തിയത് ഗുരുവായൂർ ക്ഷേത്രത്തിൽ. ഇനി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും തൊഴുതിട്ടേ സ്വീകരണങ്ങൾ ഏറ്റുവാങ്ങൂ. ഓസ്കർ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയിൽ അനാഥരായ ആനക്കുട്ടികളെ വളർത്തുന്നവരാണ് ബെല്ലിയും ബൊമ്മനും.

മാലയിട്ട് 15 ദിവസത്തെ വ്രതം എടുത്ത് വർഷത്തിൽ ഒരിക്കൽ കൊടുങ്ങല്ലൂരും ഗുരുവായൂരും തൊഴുന്നത് ഇവരുടെ പതിവാണ്. ഇക്കുറി ചോറ്റാനിക്കരയിലും തൊഴുതു. മകൾ മഞ്ജുവിന്റെ മകൻ 5 വയസ്സുകാരനായ സഞ്ജയ്കുമാറും ഒപ്പമുണ്ട്. വൈകിട്ട് ഗുരുവായൂരിൽ ദർശനം നടത്തി. തൊഴുതിറങ്ങിയ ഉടൻ തെക്കേനടയിൽ കൊമ്പന്മാരായ രവികൃഷ്ണന്റെയും ഗോപീകൃഷ്ണന്റെയും അടുത്തെത്തി തൊട്ടു തലോടി. ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ഗുരുവായൂരിൽ ഇവർക്കു 2 സുഹൃത്തുക്കളുണ്ട്. ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എ.കെ. രാധാകൃഷ്ണനും ആനപ്രേമി സംഘം സെക്രട്ടറി കെ.യു. ഉണ്ണിക്കൃഷ്ണനും. മുതുമലയിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുന്ന ഇവരുടെ ആതിഥേയരാണ് ബൊമ്മനും ബെല്ലിയും. ദേവസ്വം ഓഫിസിൽ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പൊന്നാടയണിയിച്ചു.കൃഷ്ണഗിരിയിൽ അമ്മയാന ഷോക്കേറ്റ് മരിച്ചപ്പോൾ അനാഥനായ, 3 മാസം പ്രായമുള്ള ധർമൻ എന്ന കുട്ടിക്കൊമ്പനെ ഇവർക്ക് വളർത്താൻ കിട്ടിയിട്ടുണ്ട്. തിരിച്ചെത്തിയാൽ പിന്നെ ധർമനു വേണ്ടിയുള്ളതാകും ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com