ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ചു വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയുടെ ക്ഷേത്ര ദർശനം. ഭരണി ഉത്സവത്തിനു കോഴിക്കല്ല് മൂടി കഴിഞ്ഞാൽ ഇളംമുറ തമ്പുരാക്കൻമാരുടെ അകമ്പടിയോടെ മാത്രമാണു ക്ഷേത്ര ദർശനം. കോഴിക്കല്ല് മൂടൽ ചടങ്ങ് ദിനത്തിൽ പുലർച്ചെ 3.30 നാണ് വലിയ തമ്പുരാൻ ക്ഷേത്രം ദർശനം നടത്തിയത്. ഇനി അശ്വതി കാവുതീണ്ടൽ ദിനം വരെ ദിവസവും വലിയ തമ്പുരാൻ ക്ഷേത്ര ദർശനം നടത്തും. വലിയ തമ്പുരാനും അമ്മ തമ്പുരാനും ദർശനം നടത്തുമ്പോൾ മാത്രം തുറക്കുന്ന പടിഞ്ഞാറെ നട തുറന്നു കൊടുങ്ങല്ലൂരമ്മയെ തൊഴുതു.

ചരിത്രവും ഐതിഹ്യവും ഇഴചേർന്ന ചടങ്ങുകളാൽ സമ്പന്നമായ പ്രസിദ്ധമായ ഭരണി, താലപ്പൊലി ആചാരാനുഷ്ഠാനങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കു സുരക്ഷ ഒരുക്കുന്നതിലും വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അതീവ ശ്രദ്ധ ചെലുത്തും. തൃപ്പൂണിത്തറയിൽ മകനോടൊപ്പം താമസിക്കുന്ന കുഞ്ഞുണ്ണി രാജ ഭരണി ചടങ്ങുകൾക്ക് അനുമതി നൽകുന്നതിനു കഴിഞ്ഞ ദിവസമാണ് കോട്ട കോവിലകത്ത് എത്തിയത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ തന്ത്രിമാരുടെതാണ് അവസാന വാക്ക്. എന്നാൽ, കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വലിയ തമ്പുരാന്റെ നിർദേശങ്ങൾക്കാണു പ്രാധാന്യം.

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻമാർക്കു ഏതു കാലഘട്ടത്തിലും അർഹമായ പ്രാതിനിധ്യം ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് കൊടുങ്ങല്ലൂർ കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നപ്പോൾ കൊച്ചിയിൽ പുതുതായി ചുമതലയേൽക്കുന്ന ദിവാൻമാർ കൊടുങ്ങല്ലൂരിൽ എത്തി വലിയ തമ്പുരാനെ കാണുമായിരുന്നു. തുടർന്നു വേണം കൊടുങ്ങല്ലൂർ കാര്യങ്ങളിൽ കൽപന പുറപ്പെടുവിക്കാൻ. മുണ്ടനാട് ഭവദാസൻ നമ്പൂതിരിയുടെയും പുത്തൻകോവിലകം കുഞ്ചുകുട്ടി തമ്പുരാട്ടിയുടെയും മകനാണ് കുഞ്ഞുണ്ണി രാജ. ധനുമാസത്തിലെ പൂരാടം നക്ഷത്രത്തിലാണു ജനിച്ചത്. ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്താ, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവർ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com