തൃശൂർ ∙ നഗരത്തിലെ ഒട്ടോറിക്ഷകൾക്കു പിറകിൽ ഇനി കിടിലൻ സിനിമാ ഡയലോഗുകളും രസികൻ കമന്റുകളും മാത്രമല്ല, ഉപകാര പ്രദമായൊരു ക്യു ആർ കോഡും ഉണ്ടാകും. ഇതു സ്കാൻ ചെയ്താൽ ഓട്ടോറിക്ഷാ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങളും ലഭിക്കും. രാത്രി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാനും സുരക്ഷിത യാത്രയ്ക്കും ഇതു സഹായിക്കും.
കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിലാണ് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. ഓട്ടോയുടെ മുൻപിലും പിന്നിലും ഈ സ്റ്റിക്കർ പതിക്കും. ആർടി ഓഫിസിനാണ് നിർവഹണ ചുമതല. എൻഐസി സാങ്കേതിക സഹായം നൽകും. ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ ജില്ലാ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങളടങ്ങിയ കരടു രേഖ തയാറാക്കി. ഇത് കലക്ടർ ഹരിത വി.കുമാർ മേയർ എം.കെ.വർഗീസിനു കൈമാറി പ്രകാശനം ചെയ്തു.