വാടാനപ്പള്ളി ∙ ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫിസിൽ സിപിഎം നേതാക്കളുടെ മർദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സിപിഎം പ്രവർത്തകൻ അമൽകൃഷ്ണയുടെ മരണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതികളായ സിപിഎം നേതാക്കളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
അമൽകൃഷ്ണയ്ക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ട്. കൊലപാതകമുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതികളായ എങ്ങണ്ടിയൂരിലെ സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ഉന്നത നേതൃത്വം ശ്രമിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി .എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു.കെ. പീതാംബരൻ, ഡിസിസി അംഗം സി.എം. നൗഷാദ്, വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. സിജിത്ത് എന്നിവർ പ്രസംഗിച്ചു. കെ.കെ. ബാബു, അനിൽ പുളിക്കൻ, നൗഷാദ് ആറ്റുപറമ്പത്ത്, ഇർഷാദ് ചേറ്റുവ, സി.എ. ഗോപാലകൃഷ്ണൻ, സുബൈദ മുഹമ്മദ്, രാധാകൃഷ്ണൻ പുളിഞ്ചോട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.