തൃശൂർ ∙ ഒളരി മദർ ആശുപത്രിയിൽ നവജാത ശിശുക്കളെ പരിചരിക്കുന്ന നിയോനേറ്റൽ ഐസിയുവിൽ എസി യൂണിറ്റിൽ തീപിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷാ ഉപകരണം (ഫയർ എക്സ്റ്റിംഗ്വിഷർ) കൊണ്ട് ആശുപത്രി അധികൃതർ ഉടൻ തീയണച്ചു. ഇതേസമയം ഇവിടെ ഉണ്ടായിരുന്ന 7 നവജാത ശിശുക്കളെയും നഴ്സുമാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. രണ്ടു ഗർഭിണികളെ ആംബുലൻസിൽ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്കും 2 പേരെ ഐസിയുവിലേക്കും മാറ്റി.
ആവശ്യമായ വായുസഞ്ചാര മാർഗങ്ങൾ ഇല്ലാത്തതു മൂലം ഒന്നാംനിലയിലെ ലേബർ റൂം കോംപ്ലക്സിലും എൻഎൻ ഐസിയുവിലും പുക നിറഞ്ഞു. സൺ ഷെയ്ഡിൽ കയറിനിന്ന് അഗ്നിരക്ഷാ സേന ജനൽപാളികൾ പൊട്ടിച്ച് അകത്തുകയറി വെള്ളമടിച്ചും വായുസഞ്ചാര മാർഗങ്ങൾ തുറന്നുമാണ് പുക നിയന്ത്രിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.15 ഓടെയാണ് എസി യൂണിറ്റിൽ തീ കണ്ടത്.
തീയണച്ച ആശുപത്രി അധികൃതർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പതിനഞ്ചിലേറെ സേനാംഗങ്ങൾ ചേർന്ന് 2 യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഉടൻ തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ പറഞ്ഞു.
വായുസഞ്ചാര മാർഗങ്ങൾ അടഞ്ഞുകിടന്നതും പുക പരന്നതുമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. സ്ഥാപനത്തിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ സജീവമായിരുന്നില്ലെന്നും അരുൺ ഭാസ്കർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫിസർ കെ.യു. വിജയ് കൃഷ്ണ, അസി.സ്റ്റേഷൻ ഓഫിസർമാരായ രഘുനാഥൻ നായർ, ശരത് ചന്ദ്രബാബു,
സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ജ്യോതികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ടി.ജി. ഷാജൻ, കെ.എൽ. എഡ്വേർഡ്, ഓഫിസർമാരായ ജി. അനിൽകുമാർ, ജിബിൻ, കെ. പ്രകാശൻ, ടി.ബി. സതീഷ്, ബിനിൽ, എ.എൽ. അനന്തു, സി. അനന്തകൃഷ്ണൻ, പി. രമേഷ്, ഗ്ലാഡ്സൺ ഫെർണാണ്ടസ്, ജിമോദ്, ഹോം ഗാർഡ് ശോഭന എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.