അഴീക്കോട് ∙ മീൻ പിടിക്കുന്നതിനിടെ എൻജിൻ നിലച്ചു ബോട്ട് കടലിൽ കുടുങ്ങി. ഫിഷറീസ് റെസ്ക്യു ബോട്ട് എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് അഴിമുഖത്തിനു വടക്കുപടിഞ്ഞാറ് പത്തു നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. രാവിലെ എട്ടിനാണ് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്സർട്ട് ആന്റണിയുടെ ഉടമസ്ഥതയിലുള്ള ക്യൂവിൻ മേരി ബോട്ടാണ് അപകടത്തിൽ പെട്ടത്. ഫിഷറീസ് അസി. ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഷിനിൽകുമാർ, റസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, സ്രാങ്ക് ദേവസി മുനമ്പം.
ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ജില്ലയിൽ രക്ഷാപ്രവർത്തനത്തിനു ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും ഉണ്ടെന്നു ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അനിത അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്.