തൃശൂർ∙ സാംസ്കാരിക തലസ്ഥാനമെന്ന തലയെടുപ്പോടെ നിൽക്കുന്ന തൃശൂരിനു പുതിയ കലക്ടർ കൃഷ്ണതേജ വന്ന ദിവസം തന്നെ പുതിയൊരു പേരു ചാർത്തി. തൃശൂർ– ക്യാപ്പിറ്റൽ ഓഫ് ലവ്. അതിനൊരു കാരണവും പറഞ്ഞു: മൃഗങ്ങളെ സ്നേഹിക്കുന്നവർ അതിനേക്കാൾ കൂടുതലായി മനുഷ്യരെ സ്നേഹിക്കും. ഇത് ആനകളെയും മറ്റു മൃഗങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന നാടാണ്.
മുൻപ് ഇവിടെ അസിസ്റ്റന്റ് കലക്ടർ ആയിരുന്നല്ലോ. തൃശൂരുമായുള്ള ബന്ധം എങ്ങനെ ?
എനിക്ക് അത്യാവശ്യം തൃശൂർ അറിയാം. (കൊടുങ്ങല്ലൂർ, കയ്പമംഗലം തുടങ്ങി പത്തിലേറെ സ്ഥലങ്ങളുടെ പേര് തുടർച്ചയായി പറഞ്ഞു). ഇവിടുത്തെ മലയോരം, കടലോരപ്രശ്നങ്ങൾ, മഴപെയ്യുമ്പോൾ ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക്, പെരിങ്ങൽക്കുത്തിൽ നിന്നുള്ള വാട്ടർ മാനേജ്മെന്റ്.. ഇതെല്ലാം എനിക്കു പരിചിതമാണ്. ഒരു പുതിയ കലക്ടർ വന്നാൽ ആറുമാസം കൊണ്ടു പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ അറിയാം.
എങ്ങനെ ഇത്രയും കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നു ?
അത് ഒരു വർഷം അസി. കലക്ടർ ആയി ഇരുന്ന കാലത്ത് അന്നു സബ് കലക്ടർ ആയിരുന്ന ഹരിത മാഡവും (മുൻ കലക്ടർ ഹരിത വി. കുമാർ), അന്നത്തെ കലക്ടർ കൗശികൻ സാറും നൽകിയ സ്വാതന്ത്ര്യം കൊണ്ടുണ്ടായതാണ്. എവിടെ വേണമെങ്കിലും പോകാനും പഠിക്കാനും പറഞ്ഞു. പിന്നീട് ടൂറിസം ഡയറക്ടർ ആയിരുന്നതിനാൽ ഇവിടുത്തെ ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എല്ലാം അറിയാം. നമുക്ക് ഒത്തിരി ചെയ്യാൻ പറ്റും.
ഔദ്യോഗികം എന്നതിനപ്പുറം തൃശൂരുമായുള്ള ആത്മബന്ധം എങ്ങനെ ?
എന്റെ കല്യാണം നടക്കുന്നത് ഞാൻ തൃശൂരിലുള്ളപ്പോഴാണ്. ഇപ്പോൾ ഞാൻ വീണ്ടുമെത്തുമ്പോൾ മകൻ യുകെജി പഠിച്ചുകൊണ്ടിരിക്കുന്നു. മലയാളം പഠിച്ചത് ഇവിടെ വച്ചാണ്. ഹരിത മാഡവും കൗശികൻ സാറും നിർബന്ധിച്ചതുകൊണ്ടാണു ഞാൻ പഠിച്ചത്. അതുമാത്രമല്ല, ഐഎഎസിന്റെ അടിസ്ഥാനം ഞാൻ പഠിച്ചത് ഇവരിൽ നിന്നാണ്. എങ്ങനെ പെരുമാറണം, എങ്ങനെ പ്രശ്നങ്ങളിൽ ഇടപെടണം, ആൾക്കാരെ എങ്ങനെ ബഹുമാനിക്കണം ഇതെല്ലാം ഞാൻ പഠിച്ചത് ഇവരിൽ നിന്നാണ്. എന്റെ ഗുരുവിൽ നിന്നു തന്നെ സ്ഥാനമേറ്റെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നന്നായി മലയാളം പറയുന്നല്ലോ. ഇത് എങ്ങനെ പഠിച്ചു? എളുപ്പമായിരുന്നോ ?
ഒത്തിരി പ്രയാസമാ, അക്കാര്യത്തിൽ സംശയം തന്നെയില്ല. ഞാൻ സിവിൽ സർവീസ് പരീക്ഷയേക്കാൾ പാടുപെട്ടത് മലയാളം പഠിക്കാൻ തന്നെയാണ്. മലയാളിയെപ്പോലെ സംസാരിക്കില്ലെങ്കിലും എന്റെ മനസ്സിൽ തോന്നുന്നത് അപ്പുറത്തുള്ളയാൾക്ക് മനസ്സിലാകും വിധം പറയാൻ കഴിയും. ‘അനർഘമായൊരു’ മലയാളം പറയാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.
മലയാളം പഠിച്ചതു ജോലിയിൽ വരുത്തിയ മാറ്റമെന്താണ് ?
ഇന്നു 10 പേർ വന്നു. 10 പേർക്കും മലയാളം മാത്രമേ അറിയൂ. ഞാൻ ‘അമ്മേ, എന്തു വിഷയമാണെന്നു പറയൂ..’ എന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം. അത് ‘വാട്ട് യു നീഡ്’ എന്നു ചോദിച്ചാൽ കിട്ടില്ല. അവർ മനസ്സിലുള്ളത് ഒന്നും തുറന്നു പറയാതെ മടങ്ങും. അടുപ്പത്തിൽ സംസാരിക്കണമെങ്കിൽ അവരുടെ ഭാഷയിൽ സംസാരിക്കണം. പരാതിക്കാരന് നമ്മളെ ഒരു ബന്ധുവിനെപ്പോലെ ഫീൽ ചെയ്യണം. അപ്പോൾ അവരു മനസ്സുതുറക്കും. പരമാവധി നമുക്കു സഹായിക്കാം.

തൃശൂർ പൂരമാണു വരുന്നത് ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ്. ?
(കൂൾ). ഞാൻ ട്രെയിനി കലക്ടർ ആയിരുന്ന സമയത്ത് പൂരമുണ്ടായിരുന്നു. അതിൽ ഞാൻ ആഴത്തിൽ പങ്കെടുത്തയാളാണ്. അതിനാൽ പൂരത്തിന്റെ കാര്യത്തിൽ ഞാൻ ‘പീസ്ഫുൾ ആൻഡ് കൂൾ’ ആണ്. എനിക്കറിയാം, എന്റെ റോളെന്ത്, പൊലീസിന്റെ റോളെന്ത്, ദേവസ്വത്തിന്റെ ഉത്തരവാദിത്തങ്ങളെന്ത്..അതിനാൽ കാര്യങ്ങൾ എളുപ്പമാണ്.
ആലപ്പുഴയിൽ കുട്ടികളായിരുന്നല്ലോ കൂട്ട് ?
അതെ. അവിടെ കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട 292 കുട്ടികൾക്ക് ഇഷ്ടമുള്ള കാലംവരെ മുടക്കമില്ലാതെ പഠിക്കാനുള്ള ഫുൾ സ്കോളർഷിപ് തീരുമാനമാക്കി. അവർക്ക് ഇഷ്ടമുള്ള ബിരുദം പഠിച്ചു തീരുംവരെ ആ സഹായമുണ്ടാകും. ഇന്ത്യയിൽ എല്ലാ കോവിഡ് അനാഥർക്കും ഇങ്ങനെ കരുതൽ കിട്ടിയ മറ്റൊരു ജില്ലയുമില്ല. കോവിഡ് അനാഥരാക്കിയവർക്ക് 10 പുതിയ വീട് നിർമിച്ചു. 25 വീട് നന്നാക്കുകയും ചെയ്തു.. 8 പേർക്കു സർജറി. മൂന്ന് അമ്മമാർക്കു കാൻസർ സഹായം ഇവയൊക്കെ നൽകി. സിഎസ്ആറും സ്പോൺസർഷിപ്പുമായിരുന്നു ഇതിനുള്ള വഴികൾ. ആലപ്പുഴയിൽ ഒട്ടേറെ അവസരം കിട്ടി എന്നതാണു സത്യം.
തൃശൂരിൽ നിന്ന് ഇത്രയും വർഷം മാറി നിന്നപ്പോൾ എന്താണ് കൃഷ്ണതേജയ്ക്ക് നഷ്ടപ്പെട്ടത് ?
നഷ്ടപ്പെട്ടത് തൃശൂർ സ്ലാങ് തന്നെ. ഫ്രണ്ടിനെ ഗഡി എന്നു വിളിക്കുന്നതും അങ്ങട്, ഇങ്ങട് എന്നൊക്കെ പറയുന്നതും മുതൽ കുട്ടികളെ ക്ടാങ്ങൾ എന്നു വിളിക്കുന്നതുമൊക്കെ രസമാണ്. മലയാളം പഠിച്ചു കഴിയുമ്പോഴേക്കും ആലപ്പുഴയും തിരുവനന്തപുരവുമായി ജോലി സ്ഥലം. അതിനാൽ ആ സ്ലാങ് കിട്ടിയില്ല.