എളവള്ളി ∙ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ തീറ്റതേടിയെത്തിയ ചെമ്മരിയാടുകളുടെ കൂട്ടം കൗതുകമായി. വാക കാക്കത്തിരുത്തി പാടശേഖരത്തിൽ തമിഴ്നാട്ടിൽ നിന്നും ആയിരത്തോളം ആടുകൾ ഒന്നിച്ച് മേയനെത്തിയത് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി. താറാവുകൂട്ടങ്ങൾ പാടത്ത് എത്താറുണ്ടെങ്കിലും ചെമ്മരിയാടുകൾ ഇവിടെ ആദ്യമായാണ്. കോയമ്പത്തൂരിൽ നിന്നും 5 അഞ്ച് കർഷകരാണ് ആടുകളെ മേച്ച് വാക പാടശേഖരത്തിലെത്തിയത്.
ആടുകളെ മേയ്ക്കാനും കൂട്ടം തെറ്റി പോകാതിരിക്കാനും കുറുക്കൻ, തെരുവുനായ്ക്കൾ തുടങ്ങിയ മറ്റു മൃഗങ്ങളിൽ നിന്നും ആട്ടിൻ പറ്റത്തെ സംരക്ഷിക്കാനുമായി പരിശീലനം ലഭിച്ച 8 നായ്ക്കളും കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിൽ തീറ്റയുടെ അഭാവമാണ് ഇവയെ കേരളത്തിലെത്തിച്ചത്. ചെമ്മരിയാടുകളുടെ രോമത്തിന് നല്ല വില ലഭിക്കുകയും വിപണിയിൽ ആവശ്യം വർധിക്കുകയും ചെയ്തതോടെ കർഷകരുടെ എണ്ണം കൂടി.
സ്വാഭാവികമായും അവിടെ തീറ്റ കുറഞ്ഞതാണ് അതിർത്തി ഗ്രാമങ്ങൾ വിട്ട് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഇവയുടെ കടന്നുകയറ്റം. മഴക്കാലമായാൽ ആടുകൾക്ക് അസുഖം വരുമെന്നതിനാൽ മഴക്കാലം തുടങ്ങുന്നതോടെ കേരളം വിടുമെന്ന് കൂടെയെത്തിയ കർഷകൻ സുബ്രഹ്മണ്യൻ പറഞ്ഞു.