ഗുരുവായൂർ ∙ ഓൺലൈൻ ചാനലിന്റെ റിപ്പോർട്ടർ എന്നു പരിചയപ്പെടുത്തി ഹോട്ടൽ ഉടമയിൽ നിന്നു പണം തട്ടാൻ ശ്രമിച്ച തിരുവനന്തപുരം തൈക്കാട് കുക്കിലിയാർ ലൈൻ ശിവകൃപയിൽ ശിവപ്രസാദ് (33) അറസ്റ്റിലായി. ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയ ഇയാളെ ചാവക്കാട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
ഗുരുവായൂരിലെ 2 ഹോട്ടലുകളുടെ ഉടമയെ വിളിച്ച് താൻ ഓൺലൈൻ ചാനലിന്റെ റിപ്പോർട്ടർ ആണെന്നും 15,000 രൂപ തന്നാൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഒഴിവാക്കി തരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഹോട്ടൽ ഉടമ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് ടെംപിൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് എടുത്തു. ഇതോടെ ഇയാൾ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി ഇന്നലെ ഹാജരായി. എസ്ഐ ഐഎസ് ബാലചന്ദ്രൻ കേസെടുത്തു.