ADVERTISEMENT

മണ്ണുത്തി ∙ കാർഷിക സർവകലാശാല ആസ്ഥാനത്ത് സെൻട്രൽ ലൈബ്രറിക്കു സമീപം മദ്യലഹരിയിൽ ഗുണ്ടാ ആക്രമണം; കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി 9.30 നായിരുന്നു വിദ്യാർഥിനികളുൾപ്പെടെയുള്ളവർക്കു നേരെ ആക്രമണവും അസഭ്യ വർഷവും.  മണ്ണുത്തി പണിക്കവീട്ടിൽ ചിക്കു എന്ന നൗഫലിനും (25) കണ്ടാലറിയുന്ന മറ്റൊരാൾക്കും എതിരെയാണു കേസ്.

യുവാക്കളിലൊരാൾ വിദ്യാർഥിനികൾക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചതായാണു പരാതി. സുഹൃത്തുക്കളും സുരക്ഷാ ജീവനക്കാരും ഇടപെട്ടതോടെയാണു യുവാക്കൾ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയത്.  സ്കൂട്ടറിലെത്തിയ 3 യുവാക്കളിലൊരാളാണ് ആക്രമണം നടത്തിയതെന്ന് ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നു. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സെക്യൂരിറ്റി ഓഫിസർ എം. ഷാജി പൊലീസിനു വീണ്ടും പരാതി നൽകി. 

യോഗം ചേർന്നു

കാർഷിക സർവകലാശാല ക്യാംപസിലുണ്ടായ ആക്രമണത്തിന്റെ ഭാഗമായി റജിസ്ട്രാറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊളിഞ്ഞു കിടക്കുന്ന മതിൽ ഉടൻ പുനർ നിർമിക്കും. കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കും. അടുത്തയാഴ്ച വൈസ് ചാൻസലർ സർവകലാശാലയിലെത്തുമ്പോൾ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ തീരുമാനിക്കും.

സുരക്ഷയില്ലാതെ ക്യാംപസ്

മണ്ണുത്തി∙ അതിവിശാലമായ ക്യാംപസും  ആവശ്യത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണു കാർഷിക സർവകലാശാലയിലെ അനിഷ്ട സംഭവങ്ങൾക്കു കാരണം. പകലും രാത്രിയും ആർക്കും കടന്നുപോകാവുന്ന വഴികളാണു ക്യാംപസിലുള്ളത്. 2 സ്ഥലത്തു മതിൽ പൊളിഞ്ഞു കിടക്കുകയാണ്. കാർഷിക സർവകലാശാല പോലെ അതീവ സുരക്ഷാ മേഖലയിൽ  ഡി വൈ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു സുരക്ഷാ ചുമതലാ പദവിയുള്ള ചീഫ് സെക്യൂരി ഓഫിസറാകേണ്ടത്. എന്നാൽ 8 മാസമായി സർവകലാശാല പിആർഒ യാണു സെക്യൂരിറ്റി ഓഫീസറുടെ ചുമതല വഹിക്കുന്നത്. സർവ്വകലാശാല ഹൈസ്കൂളിന് സമീപത്തെ ചെറിയ ഗേറ്റിനുള്ളിലൂടെയും എപ്പോൾ വേണമെങ്കിലും ആർക്കും പ്രവേശിക്കാനും സാധിക്കും. 2 വർഷം മുൻപു സർവകലാശാല ക്യാംപസിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com