ADVERTISEMENT

തൃശൂർ ∙ മറ്റത്തൂർ മേഖലയിൽ കഴിഞ്ഞ ദിവസം വീശിയടിച്ച മിന്നൽച്ചുഴലിയുടെ ലക്ഷണങ്ങൾ വിരൽചൂണ്ടുന്നതു ഗസ്റ്റ്നാഡോ ചുഴലിക്കൊടുങ്കാറ്റിലേക്കെന്നു സൂചന. ഏതാനും മാസം മുൻപു പുത്തൂരിൽ ഗസ്റ്റ്നാഡോ കനത്തനാശം വിതച്ചിരുന്നു.  അപ്രതീക്ഷിതമായി വീശുകയും ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുകയും ചെയ്യുന്ന ഗസ്റ്റ്നാഡോയാണു മറ്റത്തൂരിലും നാശമുണ്ടാക്കിയതെന്നു കാലാവസ്ഥാ നിരീക്ഷകർ സംശയിക്കുന്നു. 4 വർഷത്തിനിടെ ജില്ലയിൽ 9 മേഖലകളിൽ മിന്നൽച്ചുഴലികളുണ്ടായെങ്കിലും ശാസ്ത്രീയ പരിശോധന നടത്താനോ മുന്നറിയിപ്പു സംവിധാനമൊരുക്കാനോ നടപടിയില്ല. 

കഴിഞ്ഞ വർഷം ചേർപ്പ്, പുത്തൂർ മേഖലകളിലാണു മിന്നൽച്ചുഴലി വീശിയത്. അതിശക്തമായ മിന്നലിനോ മഴയ്ക്കോ അകമ്പടിയായി ചുഴലിക്കാറ്റു വീശിയടിക്കുന്നതാണു ഗസ്റ്റ്നാഡോ. പകൽ നല്ല വെയിലും ഇളംകാറ്റുമുള്ള ചൂടേറിയ അന്തരീക്ഷത്തിൽപ്പോലും ഗസ്റ്റ്നാഡോ പ്രാദേശികമായി ആഞ്ഞടിക്കാം. ഏതാനും സെക്കൻഡുകൾ മുതൽ 2 മിനിറ്റ് വരെ മാത്രമാണു ദൈർഘ്യം. കിലോമീറ്ററിൽ 80 മുതൽ 180 കിലോമീറ്റർ വരെ കാറ്റിനു വേഗമുണ്ടാകാം എന്നതിനാൽ നാശനഷ്ടം ഭയ‍ാനകമായിരിക്കും. മരങ്ങൾ ഒടിഞ്ഞു പറന്നേക്കാം. വീടുകളുടെ മേൽക്കൂര തകർന്നു തെറിച്ചേക്കാം. ആളപായത്തിനും സാധ്യതയേറെ. 

മറ്റത്തൂരിൽ ഏതാനും മിനിറ്റ് കനത്ത കാറ്റുവീശിയടിച്ച ശേഷം മഴപെയ്തതായി പ്രദേശ വാസികൾ പറയുന്നു. മിന്നൽച്ചുഴലി വീശുന്നതു കണ്ടെത്താനോ കൃത്യമായി മുന്നറിയിപ്പു നൽകാനോ സംവിധാനമില്ലാത്തതു ജനങ്ങളുടെ ജീവനു വരെ ഭീഷണി ഉയർത്തുന്നുണ്ട്. ചാലക്കുടി, വരന്തരപ്പിള്ളി, പുത്തൂർ, പീച്ചി തുടങ്ങിയ മലയോര മേഖലകളിലും ചാവക്കാട്, കൊടുങ്ങല്ലൂർ, കയ്പമംഗലം തുടങ്ങിയ തീരമേഖലകളിലും മിന്നൽച്ചുഴലി തിരിച്ചറിയാൻ ഓട്ടമറ്റിക് സെൻസർ സംവിധാനം സ്ഥാപിക്കാൻ ചർച്ചകൾ നടന്നെങ്കിലും പുരോഗതിയുണ്ടായില്ല. കാറ്റിന്റെ വേഗവും ദിശയും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യവും നിരീക്ഷിക്കാൻ ശേഷിയുള്ളവയാണ് സെൻസറുകൾ. 

ഡോപ്ലർ റഡാർ വരുമോ?

ഗസ്റ്റ്നാഡോ അടക്കം മിന്നൽച്ചുഴലികൾ വീശുന്നത് അപ്രതീക്ഷിതമായിട്ടായതിനാൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിച്ചാലേ കൃത്യമായി മുന്നറിയിപ്പു നൽകാൻ കഴിയൂവെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നാൽ, സർക്കാർ തലത്തിൽ തീരുമ‍ാനമെടുക്കേണ്ട കാര്യമായതിനാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടക്കുന്നില്ല. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രതിഭാസമാണോ ജില്ലയിൽ ഇടയ്ക്കിടെ ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതിനു കാരണമെന്നു പഠിക്കാൻ പോലും കൃത്യമായ ശ്രമങ്ങൾ നടക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com