ADVERTISEMENT

കുന്നംകുളം ∙ കലാകാരന്മാർക്കു കരുതലും സഹായവുമേകാൻ പൂമാതൈ പൊന്നാമ്മ നാടകം ഇന്ന് അരങ്ങിലെത്തും. ലോക നാടക ദിനാചരണത്തിന്റെ ഭാഗമായി കലാകാരൻമാരുടെ സംഘടനയായ കുന്നംകുളം നന്മയാണു രാജീവ് ഗാന്ധി സ്മാരക ടൗൺഹാളിൽ വൈകിട്ട് നാടകം അവതരിപ്പിക്കുന്നത്.

ഒട്ടേറെ പ്രഫഷനൽ നാടക വേദികളിൽ അവതരിപ്പിച്ച് ആസ്വാദകരുടെ മനം കവർന്ന പൂമാതൈ പൊന്നാമ്മ നാടകം അവതരണ മികവിനു കോട്ടം തട്ടാതെ പുതുക്കിയാണു നാടക രംഗത്തെ പ്രശസ്തരായ നടീനടൻമാർ ഇന്നു വീണ്ടും അരങ്ങിൽ എത്തിക്കുന്നത്. ശിവജി ഗുരുവായൂർ സംവിധാനം ചെയ്ത നാടകത്തിൽ അദ്ദേഹവും മകൻ സൂര്യലാലും പ്രഥാന കഥാപാത്രങ്ങളാണ്.

തൃശൂർ സ്വദേശിനി അമ്പിളി പൂമാതൈയായി വേദി‍ നിറയും. സംസ്ഥാന പുരസ്കാരം നേടിയ ഹേമന്ത് കുമാറാണു രചന നിർവഹിച്ചത്. ജില്ലയിലെ അവശരായ കലാകാരൻമാരുടെ വിവരങ്ങൾ ശേഖരിച്ച് അവർക്കു സഹായങ്ങൾ വീടുകളിൽ എത്തിക്കുകയാണു നാടകാവതരണത്തിന്റെ ലക്ഷ്യം. കൂപ്പൺ വിറ്റും ഉദാരമതികളുടെ സംഭാവനകളും സ്വീകരിച്ചാണു നാടകം കളിക്കുന്നത്.

ഇങ്ങനെ ലഭിക്കുന്ന തുക കലാരംഗത്തുള്ളവരെ സഹായിക്കാനാണെന്നു കുന്നംകുളം നന്മ പ്രസിഡന്റ് പ്രേമൻ മണിയന്ത്രയും സെക്രട്ടറി ഷൈമ ജ്യോതിഷും പറഞ്ഞു. കലാകാരൻമാരുടെ സംഘടനയിൽ രാഷ്ട്രീയം കലർത്തരുതെന്നു പ്രഖ്യാപിച്ച് ഈയിടെയാണു കുന്നംകുളം നന്മ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. നാടകാവതരണത്തിനു മുന്നോടിയായി നടത്തുന്ന സാംസ്കാരിക സമ്മേളനം 4നു സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com