ADVERTISEMENT

പ്രേക്ഷകരെ ഒരുപാടു ചിരിപ്പിച്ച പ്രഗത്‌ഭനായ ഒരു സിനിമാനടൻ പാർലമെന്റ് അംഗമായി വരുമ്പോൾ എന്തു പ്രകടനം കാഴ്ച വയ്ക്കും എന്ന കൗതുകമായിരുന്നു ഇന്നസന്റിനെക്കുറിച്ച് പലർക്കും തുടക്കത്തിൽ ഉണ്ടായിരുന്നത്. ലബ്ധപ്രതിഷ്ഠരായ രാഷ്ട്രീയ നേതാക്കൾക്കു മാത്രം കഴിയുന്ന കാര്യങ്ങൾ, അത്തരം മുൻ പരിചയമില്ലാത്ത ഇന്നസന്റിന് നിർവഹിക്കാൻ കഴിയുമോ എന്നു സംശയിച്ചവരുണ്ട്. എന്നാൽ അതിവേഗത്തിലാണ് എംപി എന്ന നിലയിൽ ഇന്നസന്റ് കളം പിടിച്ചത്.

സ്ക്രീനിൽ കാണുന്ന മാന്നാർ മത്തായിയോ കന്നാസോ കിട്ടുണ്ണിയോ അല്ല ജീവിതത്തിലെ ഇന്നസന്റ്. വർഷങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ ‘സീസൺഡ്’ ആയി മാറുന്ന വളരെ ചുരുക്കം പേരുണ്ട്. ആ വിശേഷണം അതിശയോക്തിയില്ലാതെ ചേരും ഈ പ്രതിഭാശാലിക്ക്. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായാണല്ലോ അദ്ദേഹത്തിന്റെ പൊതു ജീവിതം തുടങ്ങുന്നത്. അമ്മയുടെ പ്രസിഡന്റായി ഒന്നരപ്പതിറ്റാണ്ടിലേറെ മലയാള സിനിമയെ അദ്ദേഹം നയിച്ചു. മുന്നിലെത്തുന്ന ഏതു പ്രശ്നങ്ങളെയും സമീപിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ബുദ്ധികൂർമതയും സൂക്ഷ്മതയും പലപ്പോഴും അത്‌ഭുതപ്പെടുത്തി.

ഒരാളുടെ അക്കാദമിക് ബിരുദങ്ങളും പൊതു പ്രശ്നങ്ങളെ നേരിടുന്നതിൽ അയാൾക്കുള്ള മികവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ഇന്നസന്റിന്റെ പാർലമെന്ററി ജീവിതം. വളരെപ്പെട്ടെന്നു കാര്യങ്ങൾ നടത്തിയെടുക്കാൻ അദ്ദേഹത്തിന്റെ സിനിമാ പശ്ചാത്തലവും സഹായകമായി. ഡൽഹിയിലെ മലയാളികളായ ഉദ്യോഗസ്ഥ പ്രമുഖരിൽ പലരും ഇന്നസന്റിന്റെ ആരാധകരായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഇത്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും എഴുത്തിലെ നർമവുമെല്ലാം അവരെ സ്വാധീനിച്ചിരുന്നു. 

പാർലമെന്റ് അംഗമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഈ അവസരം അദ്ദേഹം നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫിസുകളിലും മന്ത്രാലയങ്ങളിലും പോകുമ്പോഴെല്ലാം ആദരവോടെയുള്ള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഹിന്ദി ഉൾപ്പെടെ ഇതരഭാഷാ സിനിമകളിലും തനിക്കുള്ള ബന്ധങ്ങൾ എംപി എന്ന നിലയിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ അദ്ദേഹം ഉപയോഗിച്ചു. അടുത്ത സുഹൃത്തും ഹിന്ദി ചലച്ചിത്ര താരവുമായ പരേഷ് റാവൽ ഇന്നസന്റിനൊപ്പം അതേ സഭയിൽ അംഗമായിരുന്നു. 

ഇന്നസന്റ് മലയാളത്തിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഹിന്ദി സിനിമയിൽ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് പരേഷ് റാവൽ.പാർലമെന്റിലെ പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ ഭാഗമായി സഭയ്ക്കു പുറത്തു നടക്കുന്ന ധർണകളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് ഇന്നസന്റിന് പുതുമയുള്ള അനുഭവമായിരുന്നു. ‘സ്കൂളിൽ പഠിച്ചപ്പോഴോ ക്ലാസിൽ കയറിയിട്ടില്ല; പാർലമെന്റിലെത്തിയിട്ടും ഇതു തന്നെയാണല്ലോ അവസ്ഥ എന്ന് ഇന്നു (കൊച്ചുമകൻ) പറയുമല്ലോ സേതു’ എന്നായിരുന്നു ഒരിക്കൽ അദ്ദേഹത്തിന്റെ കമന്റ്. 

പൊതു പരിപാടികളിൽ സദസ്സിനെ കയ്യിലെടുക്കുന്ന പ്രസംഗകനായിരുന്നു ഇന്നസന്റ്. അദ്ദേഹത്തിന്റെ പുസ്തകം ‘കാൻസർ വാർഡിലെ ചിരി’യുടെ ഒരു ഭാഗം അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കും വിവാഹാവശ്യങ്ങൾക്കും വീടു നിർമാണത്തിനും ഉൾപ്പെടെ പല ആവശ്യങ്ങൾക്കും സഹായം തേടി ഒട്ടേറെ പേരാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ആരോഗ്യ രംഗത്തെ തന്റെ വ്യക്തി ബന്ധങ്ങളും ഉപയോഗപ്പെടുത്തി കഴിയുന്നത്ര സഹായമെത്തിക്കാൻ ശ്രമിച്ചു. ഇന്നസന്റിനെ പലരും പലപ്പോഴായി ‘കൊലപ്പെടുത്തിയിട്ടുണ്ട്’. അത്തരം സമൂഹമാധ്യമവാർത്തകൾ കണ്ടു നിർത്താതെ ചിരിക്കുകയാണ് ഇന്നസന്റ് ചെയ്തത്. 

ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ വികസനത്തിൽ ഇന്നസന്റ് വഹിച്ച പങ്ക് വലുതാണ്. കാൻസർ രോഗത്തെ നേരിട്ട അനുഭവത്തിൽ നിന്നാണ് ചാലക്കുടി മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റുകൾ സ്ഥാപിച്ചത്. എംപി ഫണ്ടിന് സോഷ്യൽ ഓഡിറ്റിങ്ങും ഇന്നസന്റ് നടപ്പാക്കി. ജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചു കൂടിയാണ് എംപി ഫണ്ട് അദ്ദേഹം ചെലവഴിച്ചത്. 

പ്രളയകാലത്ത് 6 മാസത്തെ ശമ്പളവും അധികമായി ഒരു ലക്ഷം രൂപയും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. എംപി സ്ഥാനം ഒഴിഞ്ഞ ശേഷം രണ്ടാം പ്രളയ ഘട്ടത്തിൽ ഒരു വർഷത്തെ എംപി പെൻഷനും അദ്ദേഹം സംഭാവന നൽകി. എപ്പോഴും പറയുന്നതു പോലെ അപ്പൻ തെക്കേത്തല വറീത് ആയിരുന്നു ഇന്നസന്റിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. ഏതു സാഹചര്യവും നേരിടാനുള്ള കരുത്തും ആത്മബലവും മനുഷ്യത്വവും തന്നെയാണ്  ഇന്നസന്റിനെയും വേറിട്ടു നിർത്തിയത്.

(ഇന്നസന്റ് എംപി ആയിരുന്നപ്പോൾ പിഎ ആയിരുന്നു ലേഖകൻ. ഇപ്പോൾ വ്യവസായ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com