ADVERTISEMENT

എളവള്ളി ∙ ഗുരുവായൂർ റെയിൽ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി എളവള്ളി പഞ്ചായത്തിലെ വാക ഇഞ്ചിക്കുന്ന് പ്രദേശത്തു നിന്നു തന്നെ മണ്ണെടുക്കാൻ മുരളി പെരുനെല്ലി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവ കക്ഷിയോഗം തീരുമാനിച്ചു. സർക്കാരിന്റെ തീരുമാനവും ജിയോളജി വകുപ്പിന്റെ അനുമതിയും ഉണ്ടായിട്ടും പ്രാദേശിക എതിർപ്പും സമരങ്ങളും മൂലം മണ്ണെടുക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മണ്ണെടുത്താൽ എളവള്ളി പഞ്ചായത്തിന്റെ അതിർത്തിക്കപ്പുറം കണ്ടാണശേരി പഞ്ചായത്തിലെ പയനിത്തടത്തെ 75 വീടുകൾ അപകടഭീഷണിയിലാകും എന്നതാണ് എതിർപ്പിന് കാരണം. ആശങ്കകൾ ദുരീകരിക്കാനും വികസന പ്രവർത്തനങ്ങൾക്ക് മണ്ണ് കണ്ടെത്തുന്നതിനുമാണ് ഇരു പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും പാർട്ടി പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം വിളിച്ചത്.

യോഗത്തിൽ പങ്കെടുത്ത കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, സിപിഎം കണ്ടാണശേരി ലോക്കൽ സെക്രട്ടറി ദിലീപ് പയനിത്തടം, എളവള്ളി ലോക്കൽ സെക്രട്ടറി പി.വി. അശോകൻ, സിപിഐ മണലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി കാക്കശേരി, കണ്ടാണശേരി ലോക്കൽ സെക്രട്ടറി ശിവൻ വാക, കോൺഗ്രസ് കണ്ടാണശേരി മണ്ഡലം പ്രസിഡന്റ് എൻ.എ. നൗഷാദ്, പയനിത്തടം പ്രദേശം ഉൾപ്പെടുന്ന കണ്ടാണശേരി പഞ്ചായത്ത് അംഗം പി.വി. നിവാസ്, കോൺഗ്രസ് എളവള്ളി മണ്ഡലം പ്രതിനിധി സി.ഡി. ആന്റോ എന്നിവർ തങ്ങൾ വികസനത്തിന് എതിരല്ലെങ്കിലും വീടുകൾക്ക് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തു നിന്നു മണ്ണെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 

റെയിൽവേക്കായി നിലവിൽ മണ്ണെടുക്കുന്ന എളവള്ളി പഞ്ചായത്ത് പ്രദേശത്തു നിന്നും കണ്ടാണശേരിയിലെ പയനിത്തടത്തേക്ക് 850 മീറ്ററിലധികം ദൂരമുണ്ടെന്നും ഒരു തരത്തിലുള്ള ഭീഷണിയും നിലനിൽക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എംഎൽഎ പറഞ്ഞു. മണ്ണെടുപ്പിന്റെ ഭാഗമായി ബാക്കി വന്ന മൺതിട്ടകൾ എടുത്തുമാറ്റിയില്ലെങ്കിലാണ് വീടുകൾക്ക് ഭീഷണിയുണ്ടാകുകയെന്ന് എംഎൽഎ പറഞ്ഞു.

 ജിയോളജിസ്റ്റ് അടയാളപ്പെടുത്തിയ നിശ്ചിത അളവിൽ റെയിൽവേ വികസനത്തിന് മണ്ണെടുക്കുന്നതിൽ പരിസ്ഥിതി പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നു പറഞ്ഞ എംഎൽഎ വികസനം തടസ്സപ്പെടുത്തുന്നതിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിൻമാറണമെന്ന് നിർദേശിച്ചു. തുടർന്നാണ് മുൻ നിശ്ചയപ്രകാരം വാക ഇഞ്ചിക്കുന്നിൽ റെയിൽവേ വികസനത്തിനു മണ്ണെടുക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച 11 പേരിൽ ഭൂരിഭാഗം പേരും മണ്ണെടുപ്പിനെ എതിർത്തിട്ടും വീണ്ടും മണ്ണെടുക്കാനാണ് തീരുമാനമെങ്കിൽ യോജിക്കുന്നില്ലെന്ന് പറഞ്ഞ് കോൺഗ്രസ്, സിപിഐ പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 

 മണ്ണെടുപ്പിനെ ശക്തമായി എതിർക്കുമെന്ന് സിപിഐ പ്രതിനിധി ഷാജി കാക്കശേരി പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി പറഞ്ഞു. യോഗത്തിൽ എളവള്ളി പഞ്ചായത്ത് പ്രസിഡ‍ന്റ് ജിയോഫോക്സ്, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, കുന്നംകുളം തഹസിൽദാർ ഒ.ബി. ഹേമ, ജിയോളജിസ്റ്റ് സംഗീത സതീഷ്, എസിപി കെ.ജി. സുരേഷ്, എസ്എച്ച്ഒ എം.കെ. രമേഷ്, പഞ്ചായത്ത് സെക്രട്ടറി എ.എൽ. തോമസ് എന്നിവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com