പുന്നയൂർക്കുളം ∙ ചെറായിയിൽ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ ഇരുഭാഗത്തു നിന്നായി 4 പേരെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി നാലകത്ത് ഷഫീർ (27), പാലപ്പെട്ടി ചോഴിയാരകത്ത് ഷാഹുൽ ഹമീദ് (26), അയിരൂർ തോണിക്കടവിൽ സലീം (30), തങ്ങൾപ്പടി 310 റോഡ് മാളിയേക്കൽ താരിഖ് (18) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് അണ്ടത്തോട് ചാലിൽ നിഷാദിനു (34) കുത്തേറ്റത്. ഇയാൾ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കിലെത്തിയ നിഷാദും സംഘവും കടയിൽ നിൽക്കുകയായിരുന്ന ഷഫീറുമായി വാക്കുതർക്കമുണ്ടായി. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഷഫീർ നിഷാദിനെ കുത്തുകയായിരുന്നു. ഇതോടെ സംഘം ബൈക്കിൽ കടന്നുകളഞ്ഞു. നിഷാദിന്റെ പരാതിയിൽ ഷഫീർ, ഷാഹുൽ ഹമീദ് എന്നിവരെയും ഷഫീറിന്റെ പരാതിയിൽ ഷാഹുൽ ഹമീദ്, താരിഖ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിഷാദ് പ്രതിയാണെങ്കിലും ആശുപത്രിയിൽ ആയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.