ബ്ലാങ്ങാട് ∙ കടപ്പുറത്ത് നിന്നു മീൻപിടിക്കാൻ പോയ ഫൈബർ വള്ളം തിരയിൽപെട്ട് മറിഞ്ഞു. തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. വള്ളത്തിനു കേടുപാട് പറ്റി. വല നഷ്ടപ്പെട്ടു. കടലിൽപോയ എൻജിൻ പിന്നീട് തിരിച്ചുകിട്ടി. ആറുകെട്ടി ജനാർദനന്റെ ‘ശ്രീനാഗയക്ഷി അമ്മ’ വള്ളമാണു പുലർച്ചെ അഞ്ചോടെ അപകടത്തിൽപെട്ടത്.
ആറുകെട്ടി ജനാർദനൻ, അഷറഫ് പാറൻപടി, ആലുങ്ങൽ രാജി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കടലിൽ തെറിച്ചുവീണ ഇവരെ മറ്റു വള്ളക്കാരാണു രക്ഷപ്പെടുത്തിയത്. 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം. ഹനീഫ, ഡയറക്ടർമാരായ കരിമ്പൻ സന്തോഷ്, സി.പി. മണികണ്ഠൻ എന്നിവർ സംഭവസ്ഥലത്തെത്തി.