തൃശൂർ ∙ എസ്എസ്എൽസി പാസാകാതെ വീടിനടുത്തുള്ള കടയിൽ ജോലിക്കു നിൽക്കുകയായിരുന്ന പയ്യനെ ബന്ധു കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുപോയി. അവിടെ നിന്ന് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായ ആ ചെറുപ്പക്കാരൻ സമയം പോക്കിനായി, അച്ചടിയന്ത്രം വിതരണം ചെയ്യുന്ന സുഹൃത്തിനൊപ്പം പ്രസുകളിൽ പോകാൻ തുടങ്ങി. യന്ത്രത്തിന്റെ മികവ് കാണിക്കാൻ സ്വന്തമായി ഡിസൈനുകൾ ഉണ്ടാക്കി കാണിച്ചു കൊടുക്കാൻ തുടങ്ങിയ അവന് പിന്നീട് മനസ്സിലായി, തന്റെ വഴി അതാണെന്ന്. ഇന്ന് മലയാളത്തിൽ അയ്യായിരത്തിലേറെ പുസ്തകങ്ങൾക്ക് പുറംചട്ട ചെയ്തിരിക്കുകയാണ് രാജേഷ് ചാലോട് എന്ന ആ പഴയ പയ്യൻ. 250ാം പതിപ്പ് പുറത്തിറങ്ങിയ ആടുജീവിതത്തിന്റെ എല്ലാ പുറംചട്ടകളും ചെയ്തതും രാജേഷ് ആണ്. കണ്ണൂർ ജില്ലയിലെ ചാലോട് എന്ന സ്ഥലത്തിന്റെ പേര് ചട്ടകളിൽ രാജേഷിനൊപ്പം ചേർന്നു കിടക്കുന്നു.
തിരുവനന്തപുരത്ത് എത്തിച്ചേർന്നതാണു രാജേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ വച്ച് രണ്ടാം ശ്രമത്തിൽ എസ്എസ്എൽസി പാസായ രാജേഷ് ശ്രമിക് വിദ്യാപീഠത്തിൽ ചേർന്ന് ഡിപ്ലോമയും പൂർത്തിയാക്കി. ഗോഡ്ഫ്രെ ദാസിന്റെ സ്ഥാപനത്തിൽ ഡിസൈനർ ആയി ചേർന്നപ്പോൾ ഒട്ടേറെ കലാകാരന്മാരുമായി ഇടപഴകാനും പുതിയ ആശയങ്ങൾ പഠിക്കാനും കഴിഞ്ഞു. അങ്ങനെയാണ് പുസ്തകങ്ങളുടെ പുറംചട്ടകൾ ചെയ്യാനുള്ള അവസരം കൈവന്നത്.
പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും മുൻപ് വായിക്കാൻ അവസരമുള്ള ഒരാളാണ് കവർ ഡിസൈനർ എന്നതാണ് ഈ ജോലിയുടെ പ്രത്യേകതയായി രാജേഷ് പറയുന്നത്. പുസ്തകം വായിച്ച ശേഷം കവർ രൂപകൽപന ചെയ്യാനാണ് രാജേഷ് ഇഷ്ടപ്പെടുന്നത്. ആടുജീവിതത്തിന്റെ നേപ്പാളി പതിപ്പിനും പുറംചട്ട ചെയ്തത് രാജേഷ് ആണ്.
തകഴി, ഉറൂബ്, മാധവിക്കുട്ടി, നന്തനാർ, മാടമ്പ്, കാക്കനാടൻ എംടി, ടി.പത്മനാഭൻ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾക്ക് കവർ ചെയ്യാനായതു വലിയ അംഗീകാരമായി രാജേഷ് കരുതുന്നു. എംടിയുടെ നാലുകെട്ട്, മുത്തശ്ശിമാരുടെ രാത്രി, ഇരുട്ടിന്റെ ആത്മാവ്, മഞ്ഞ്, വാനപ്രസ്ഥം എന്നീ കൃതികൾക്ക് പുറംചട്ട ചെയ്തു.
മഹാശ്വേതാദേവി, തസ്‌ലിമ നസ്റിൻ എന്നിവരുടെ പുസ്തകങ്ങൾക്ക് മലയാള പരിഭാഷ വന്നപ്പോഴും കവർ രാജേഷിന്റേതായിരുന്നു. സാഹിത്യ അക്കാദമിയുടെ ആനുകാലികങ്ങൾ രൂപകൽപന ചെയ്യുന്നതും രാജേഷ് ആണ്. കവറിൽ ഉപയോഗിക്കാനായി മികച്ച ഫോട്ടോകൾ വേണമെന്നതിനാലാണ് സ്വന്തമായി ഫോട്ടോ എടുക്കാൻ തുടങ്ങിയത്. പല ആനുകാലികങ്ങളിലും രാജേഷിന്റെ ചിത്രങ്ങൾ കവർ ആയി വരാറുണ്ട്.