ADVERTISEMENT

തൃശൂർ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം അഴിമതിക്കാരനായെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണത്തോടുള്ള ആർത്തി പിണറായിയെ വഴിതെറ്റിച്ചു. മക്കളോടുള്ള സ്നേഹം അദ്ദേഹത്തിന്റെ കണ്ണുമൂടി. പണമുണ്ടാക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും അദ്ദേഹത്തിന് ഇല്ലെന്നു വ്യക്തമാക്കുന്ന വിധമാണ് അഴിമതി. അന്വേഷണം പേരിനു മാത്രമേ നടക്കുന്നുള്ളൂ. സിപിഎമ്മും ബിജെപിയും പരസ്പരം താങ്ങുകയാണ്– സുധാകരൻ പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കരിങ്കൊടി കാണാൻ ഭാഗ്യമുണ്ടായ ഏക മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പാലക്കാട്ട് വില്ലേജ് അസിസ്റ്റന്റ് ഒരു കോടി രൂപയുടെ അഴിമതി നടത്തിയപ്പോൾ മറ്റാരും ഇതറിഞ്ഞില്ലേ എന്നു മുഖ്യമന്ത്രി ചോദിച്ചു. ഇതേ ചോദ്യം ഞങ്ങൾ തിരിച്ചുചോദിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു സ്വർണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും അടക്കം നൂറുകണക്കിനു കോടി രൂപയുടെ അഴിമതി നടന്നത് എന്തുകൊണ്ടു പിണറായി അറിഞ്ഞില്ലെന്നും സതീശൻ ചോദിച്ചു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണു പിണറായി വിജയനെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലുടനീളം കോൺഗ്രസ് നേതാക്കളുടെ പിന്നാലെ ഇഡിയും സിബിഐയും ആദായനികുതി വകുപ്പും പരക്കം പായുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന സ്വർണക്കടത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കു സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എംപിമാരായ ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത്, എ.പി.അനിൽകുമാർ, മാത്യു കുഴൽനാടൻ, റോജി എം.ജോൺ, കെ.എസ്.ശബരീനാഥൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കെ.സി.ജോസഫ്, ടി.സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, വി.ടി.ബൽറാം, എം.ലിജു, ഡിസിസി പ്രസ‍ിഡന്റ് ജോസ് വള്ളൂർ, നടൻ രമേഷ് പിഷാരടി തുടങ്ങിയവർ പ്രസംഗിച്ചു. 

ആവേശമായി യുവജനറാലി

യൂത്ത് കോൺഗ്രസിന്റെ ശക്തിപ്രകടനമായി യുവജനറാലി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു 14 ജില്ലകളിൽ നിന്നായി ഒഴുകിയെത്തി ശക്തൻ നഗറിൽ സംഗമിച്ച പ്രവർത്തകരെ പ്രസിഡന്റ് ഷാഫി പറമ്പിലും ദേശീയാധ്യക്ഷൻ ബി.വി. ശ്രീന‍ിവാസും ചേർന്നു റാലിയായി സ്വരാജ് റൗണ്ടിലേക്കു നയിച്ചു. വാദ്യങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തേക്കിൻകാട് മൈതാനം ചുറ്റിയ റാലിക്ക് അഭിവാദ്യമർപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അടക്കം മുതിർന്ന നേതാക്കൾ എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. വിദ്യാർഥി കോർണറിനു സമീപമൊരുക്കിയ പൊതുസമ്മേളന വേദിയുടെ സദസ്സിന്റെ വ്യാപ്തി തെക്കേഗോപുര നട കഴിഞ്ഞും നീണ്ടിരുന്നു. 9 മണിയോടെ മുതിർന്ന നേതാക്കന്മാരുടെ പ്രസംഗം കഴിയുന്നതു വരെയും പ്രവർത്തകരുടെ കൂട്ടം മൈതാനത്തു തുടർന്നു.

എഐ ക്യാമറ മൂടി സമരം 5ന്

അഴിമതി നടത്താനായി 726 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ മൂടി ജൂൺ 5നു വൈകിട്ട് 5നു കോൺഗ്രസ് സമരം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ക്യാമറ ഇടപാടിൽ അഴിമതിയില്ലെന്നു പറയുന്ന സിപിഎം എന്ത‍ുകൊണ്ടാണു ജുഡീഷ്യൽ അന്വേഷണത്തിനു തയാറാകാത്തത്? ജുഡീഷ്യൽ അന്വേഷണത്തിൽ അഴിമതിയില്ലെന്നു കണ്ടെത്തിയാൽ ആരോപണങ്ങൾ പിൻവലിക്കാൻ കോൺഗ്രസ് തയാറാണെന്നും സുധാകരൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com