ADVERTISEMENT

തൃശൂർ ∙ സർക്കാർ‌ വകുപ്പുകളിലെ കൈക്കൂലി തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജൂൺ 5ന് സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി കെ.രാജൻ. മുണ്ടൂരിലെ അഞ്ഞൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയ ശേഷം കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ അസി. കമ്മിഷണറുടെ ചുമതലയിൽ വിശദമായ പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ടെന്നും അത് സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തങ്ങൾ കൈക്കൂലി വാങ്ങിക്കില്ല എന്നതല്ല, മറിച്ച് തന്റെ കൂടെയുള്ള ഒരാളും വാങ്ങാനുള്ള അവസരമുണ്ടാക്കില്ല എന്ന് ഓരോ ജീവനക്കാരനെക്കൊണ്ടും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. റവന്യു വകുപ്പിലെ പരാമവധി സേവനങ്ങൾ‌ ഓൺലൈൻ വഴിയാക്കാൻ‌ നടപടി സ്വീകരിച്ചു.

ജനങ്ങളിൽ‌ ഇ സാക്ഷരത വർധിപ്പിക്കുന്നതിനായി നവംബറിൽ ആരംഭിക്കുന്ന പദ്ധതിക്ക് റവന്യു വകുപ്പ് നേതൃപരമായ പങ്കു വഹിക്കും. അഴിമതിക്കെതിരായ കുരിശുയുദ്ധമാണ് സർക്കാർ നടത്തുന്നത്. ഇതിന് ജനങ്ങളുടെ പിന്തുണ പ്രധാനമാണ്–മന്ത്രി പറഞ്ഞു. റവന്യു വകുപ്പിനെ വട്ടമിട്ടു നിൽക്കുന്ന ഏജന്റുമാരെ അനുവദിക്കില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിടിക്കപ്പെട്ട ശേഷം സർവീസിൽ തിരികെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ചില നിർദേശങ്ങൾ നിയമ വകുപ്പിന് കൈമാറും. ഒരു ഓഫിസിൽ 3 വർഷം പിന്നിട്ട എല്ലാ ജീവനക്കാരെയും അസാധാരണ സാഹചര്യമില്ലെങ്കിൽ സ്ഥലം മാറ്റും. വില്ലേജ് ഓഫിസുകളിലെ ക്രമക്കേടുകളെ തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മന്ത്രി ഇന്നലെ വില്ലേജ് ഓഫിസിൽ പരിശോധനയ്ക്ക് എത്തിയത്.

മന്ത്രിയോടൊപ്പം കലക്ടർ വി.ആർ.കൃഷ്ണതേജയും എഡിഎം  ടി.മുരളിയും ഉണ്ടായിരുന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ 156 വില്ലേജ് ഓഫിസുകളിൽ‌ കലക്ടർമാർ നേരിട്ടോ ഉദ്യോഗസ്ഥർ മുഖാന്തിരമോ പരിശോധന നടത്തി. ഇതിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ കർശന നടപടി തന്നെ ഉണ്ടാവുമെന്നും ക്രമക്കേടുകൾ എന്തൊക്കെയെന്ന് നടപടികളോടെ വിശദീകരിക്കാമെന്നും പരിശോധനകൾ തുടരുമെന്നും മന്ത്രി പറഞ്ഞു.കൈക്കൂലി വാങ്ങിക്കുന്നതു പോലെ തന്നെ അർഹമായ സേവനങ്ങൾ ചെയ്തു കൊടുക്കാതിരിക്കുന്നതും അഴിമതി തന്നെയാണെന്നും മന്ത്രി വിശദീകരിച്ചു. ‌

സഹായിച്ചവർ ശിക്ഷിക്കപ്പെടും 

വടക്കഞ്ചേരി ∙ കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ പാലക്കയം വില്ലേജ് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ സഹായിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നു മന്ത്രി കെ.രാജൻ. വിജിലൻസിന് നൽകുന്ന മൊഴി ഉൾപ്പെടെ റവന്യു വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിക്കും സാധാരണക്കാരന് സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുകയാണെങ്കിൽ ഉദ്യോഗസ്ഥൻ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com