കൊടുങ്ങല്ലൂർ ∙ അധഃസ്ഥിത വർഗത്തിന്റെ ഉയർച്ചയ്ക്കും ഉണർവിനും വേണ്ടി സ്വന്തം ജീവിതം കർമമണ്ഡലമാക്കിയ പണ്ഡിറ്റ് കറുപ്പൻ രചിച്ച ബാലാകലേശം സംസ്കൃത നാടകത്തിന് ആനാപ്പുഴയിൽ പുനരവതരണംപണ്ഡിറ്റ് കെ.പി. കറുപ്പന്റെ 139 -ാം ജന്മദിനത്തിൽ ആനാപ്പുഴ കല്യാണദായിനി സഭയുടെ നേതൃത്വത്തിൽ കലാസമിതിയും പണ്ഡിറ്റ് കറുപ്പൻ വായനശാലയും പ്രദേശത്തെ വിവിധ സംഘടനകളും ചേർന്നാണു ബാലാകലേശം വീണ്ടും അരങ്ങിലെത്തിച്ചത്. കൊച്ചി മഹാരാജാവ് രാമവർമ തമ്പുരാന്റെ ഷഷ്ടിപൂർത്തി 1912ൽ ആയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിനു മഹാരാജാവിനെ കേന്ദ്ര കഥാപാത്രമാക്കി നാടകം രചിക്കാൻ സംഘാടകർ പരസ്യത്തിലൂടെ ആവശ്യപ്പെട്ടു. ഇതേ തുടർന്നു പ്രമുഖ കവികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തി. ഗുരു രാമ പിഷാരടിയുടെ നിർബന്ധത്തിനു വഴങ്ങി വെറും 10 ദിവസം കൊണ്ടു പണ്ഡിറ്റ് കറുപ്പനും നാടകം എഴുതി.
പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും വിപ്ലവാത്മകത കൊണ്ടും വ്യതിരിക്തമായ ഒരു രചനയായിരുന്നു ഇത്. തന്റെ ചുറ്റുമുള്ള സമൂഹം അസമത്വം കൊണ്ടും. തീണ്ടലും തൊടീലും കൊണ്ടും വീർപ്പുമുട്ടുന്ന യാഥാർഥ്യത്തെ തുറന്നുകാട്ടാനുള്ള സന്ദർഭമായി പണ്ഡിറ്റ് കറുപ്പൻ കരുതി. ഇതായിരുന്നു മലയാളത്തിലെ ആദ്യത്തെ സാമൂഹിക വിപ്ലവ നാടകം. വർണാശ്രമ ധർമം അണുപോലും വ്യതിചലിക്കാതെ പരിപാലിച്ചു പോരുന്ന ഒരു മഹാപുരുഷന്റെ അവതാരങ്ങളെ പ്രകീർത്തിച്ചു എഴുതുന്ന നാടകത്തിലാണ് ജാതിയെയും ജാതിജന്യമായ അനീതികളെയും എതിർക്കുന്നതും തീണ്ടി എന്ന കുറ്റത്തിനു കൊച്ചാലു എന്ന പുലയനെ തല്ലിയ സവർണരിൽ ചിലരെ നാടുകടത്താനും തൂക്കിലിടാനും വിധിയെഴുതുന്നതും. പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങൾ സമൂഹത്തിൽ എന്നത്തേക്കാളും ഉപരി ഉയർത്തേണ്ട വേളയാണ് ഇതെന്ന് ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ് പറഞ്ഞു.
തങ്കരാജ് ആനാപ്പുഴ നാടക സംവിധാനവും കെ.എച്ച്. കലേഷ് ബാബു നിർമാണവും നിർവഹിച്ചു. 50 വർഷം മുൻപ് ആനാപ്പുഴയിലെ പൂർവികർ ബാലാകലേശം നാടകം അരങ്ങിൽ എത്തിച്ചിരുന്നു. അന്നു പണ്ഡിറ്റ് കറുപ്പൻ ആയി വേഷമിട്ട പി.ബി. മുരളി മോഹൻ തന്നെയാണ് ഇന്നും പണ്ഡിറ്റ് കെ.പി. കറുപ്പൻ (70) ആയി വേഷമിട്ടത്. സീത കലേഷ്, ഷൈലജ, ആൽബന പ്രവീൺ, പി.ഡി. ഉണ്ണിക്കൃഷ്ണൻ, ജയാനന്ദൻ, കണ്ണൻ ആനാപ്പുഴ, ആന്റണി സന്തോഷ്, പി.പി. ശ്രീജിത്ത്, ലൈജു, രാജീവ് നൊച്ചിക്കാട്, പി.ഡി. ധനീഷ്, ദിലീപ്, സുനിൽ ആനാപ്പുഴ, രാമകൃഷ്ണൻ, ലിജു, ടി.എ. ഉണ്ണിക്കൃഷ്ണൻ, ബാബുമോൻ, കെ.എച്ച്. കലേഷ് ബാബു എന്നിവരാണ് അരങ്ങിൽ എത്തിയത്.