ADVERTISEMENT

തൃശൂർ ∙ ജനാധിപത്യ ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകമായ ഭരണഘടനയാണു രാജ്യത്തിന്റെ ചെങ്കോലെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം. എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രതിഷ്ഠിക്കേണ്ടതു ചെങ്കോൽ അല്ല, ഭരണഘടനയുടെ ആമുഖമാണ്. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ വകവയ്ക്കാതെയാണു പാർലമെന്റ് ഉദ്ഘാടനം നടന്നത്. ഇന്ത്യയുടെ പ്രഥമപൗരത്വം വഹിക്കുന്ന രാഷ്ട്രപതിയെ പോലും അവഗണിച്ചുകൊണ്ടു ബ്രാഹ്മണ്യത്തിന്റെ തള്ളിക്കയറ്റം പ്രകടമാക്കുന്ന വേദിയായി ഇതുമാറി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു പാർലമെന്റ് ഉദ്ഘാടനം ചെയ്താൽ അയിത്തമാകുമെന്നു കരുതിയാണോ ഒഴിവാക്കിയതെന്നു വ്യക്തമാക്കണം. ഭഗത് സിങ്ങിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടി നാടകം കളിക്കുകയും സവർക്കറുടെ പാതയിലൂടെ സഞ്ചരിക്കുകയുമാണു ബിജെപി സർക്കാർ ചെയ്യുന്നത്.

സവർക്കറുടെ ജന്മദിനം പാർലമെന്റ് ഉദ്ഘാടനത്തിനു തിരഞ്ഞെടുത്തതിലൂടെ മതേതര ഇന്ത്യയിലെ ജനത്തെ കേന്ദ്രസർക്കാർ വഞ്ചിച്ചു. രാജ്യം കാത്തുസൂക്ഷിച്ച ജനാധിപത്യ മൂല്യങ്ങളോടു ചെയ്ത കൊടുംചതിയുടെ ദിനമായി ഇതെക്കാലവും ജനം ഓർക്കും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ദേശീയ സെക്രട്ടേറിയേറ്റംഗം ആർ. തിരുമലൈ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ്, പി. ബാലചന്ദ്രൻ എംഎൽഎ, കെ.പി. രാജേന്ദ്രൻ, വയലാർ ശരത്ചന്ദ്ര വർമ, വി.എസ്. സുനിൽകുമാർ, ജാഥാ ക്യാപ്റ്റന്മാരായ എൻ. അരുൺ, ടി.ടി. ജിസ്‍മോൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com