തീരദേശ ഹൈവേ: പ്രതിഷേധം; കല്ലിടൽ നിർത്തിവച്ചു

ചാവക്കാട് കടപ്പുറം തെ‌ാട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് തീരദേശ ഹൈവേ കല്ലിടൽ നാട്ടുകാർ തടഞ്ഞപ്പോൾ
SHARE

ചാവക്കാട്∙ തീരദേശ ഹൈവേ കല്ലിടൽ കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്തെത്തിയപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. ലൈറ്റ് ഹൗസ് മുതൽ കൂടുതൽ ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം ഇരമ്പിയത്. ഇൗ ഭാഗം മുഴുവനായും നിലവിലെ റോഡ് ഒഴിവാക്കിയാണ് നിർമാണം നടത്തുന്നത്. നിലവിലെ പൊതുമരാമത്ത് റോഡ് ഉപയോഗപ്പെടുത്തി തീരദേശ ഹൈവേ വികസിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, എംഎൽഎ, വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇൗ പ്രദേശത്ത് ഭൂമിയുടെ ന്യായവില സെന്റിന് 29,000 മുതൽ 42,000 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഇരട്ടി നൽകിയാൽ പോലും സെന്റിന് 58,000 രൂപ മുതൽ 84,000 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ലഭിക്കുക. ഇൗ വില നൽകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മാർക്കറ്റ് വിലയുടെ ഇരട്ടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൊട്ടടുത്ത് നാഷനൽ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച പാക്കേജ് തീരദേശ ഹൈവേയുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 

ന്യായമായ നഷ്ടപരിഹാര പാക്കേജ് വേണം: ലീഗ്

ചാവക്കാട്∙ ന്യായമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നേതാക്കളായ പി.വി.ഉമ്മർകുഞ്ഞി, പി.എം.മുജീബ്, സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, വി.എം.മനാഫ്, ടി.ആർ.ഇബ്രാഹിം, പി.എ.അഷ്കർ അലി, പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ജനപ്രതിനിധികളായ വി.പി.മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ എന്നിവർ പ്രസംഗിച്ചു. 

ജനങ്ങളുടെ ആശങ്ക അകറ്റണം: ബിജെപി

ചാവക്കാട്∙ തീരദേശത്തെ ജനങ്ങളെ വെല്ലുവിളിച്ച് ഹൈവേ നിർമാണം അനുവദിക്കില്ലെന്ന് ബിജെപി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി. ഇവിടെയുള്ള ക്രിമറ്റോറിയത്തിലൂടെ ഹൈവേ കടന്നുപോകുന്നത് ചെറുക്കുമെന്നും പറഞ്ഞു. പഞ്ചായത്തിലെ 22 മരണാനന്തര സമിതികളുമായി വിഷയം ചർച്ച ചെയ്യണമെന്നും പ്രസിഡന്റ് ഗണേഷ് ശിവജി, സെക്രട്ടറി സുനിൽ കാരയിൽ, ബോഷി ചാണാശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS