ADVERTISEMENT

ചേർപ്പ് ∙ ഇനിയെത്ര കാത്തിരിക്കണം ഈ റോഡ് നന്നാവാൻ? തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ യാത്ര ചെയ്യുന്നവരുടെ ആത്മഗതം ഇപ്പോൾ ഇതാണ്! ഒന്നര വർഷം മുൻപ് ഈ പാതയിൽ തുടങ്ങിയ കോൺക്രീറ്റിങ് ഇപ്പോൾ അനന്തമായി ഇഴഞ്ഞു നീങ്ങുകയാണ്. ജൂൺ ഒന്നിനു സ്കൂൾ അധ്യയനം തുടങ്ങുന്നതോടെ കുട്ടികൾ അടക്കമുള്ളവരുടെ യാത്രാദുരിതം ഇരട്ടിയാകും. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡ് പൂർണമായി കോൺക്രീറ്റിങ് ചെയ്യുന്ന പദ്ധതിയാണു കഴിഞ്ഞ വർഷം തുടങ്ങിയത്. മെക്കാഡം ടാറിങ് നടത്തുന്നതിനു പകരം 203 കോടി രൂപ ചെലവഴിച്ച് കോൺക്രീറ്റിങ് പദ്ധതിയാണു തുടങ്ങിയത്. എന്നാൽ പാലയ്ക്കൽ മുതൽ കൂർക്കഞ്ചേരി വരെയുള്ള ഭാഗത്ത് ഒരു വശത്തു മാത്രമാണു കോൺക്രീറ്റിങ് പൂർത്തിയായത്. ഇതിനിടയിലുള്ള വലിയാലുക്കൽ, കണിമംഗലം റെയിൽവേ മേൽപാലം എന്നിവിടങ്ങളിൽ പഴയ റോഡു തന്നെ. ഈ ഭാഗത്തു ഗതാഗതക്കുരുക്കും പലപ്പോഴും രൂക്ഷമാണ്.

വെള്ളാങ്ങല്ലൂരിൽ റോഡിന്റെ പാതി ഭാഗം കോൺക്രീറ്റ് ചെയ്ത ശേഷം വീതി കുറഞ്ഞ മറു ഭാഗത്തേക്ക് തള്ളി നിൽക്കുന്ന കമ്പികൾ. ഇരു ചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണിത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ചിലയിടങ്ങളിൽ പഴയ റോഡിൽ നിന്നു പുതിയ കോൺക്രീറ്റ് റോ‍ഡ് ഒന്നര അടിയോളം ഉയർന്നു നിൽക്കുന്നുമുണ്ട്. കൊടുങ്ങല്ലൂർ ഭാഗത്തേക്കു കൂർക്കഞ്ചേരി മുതൽ കണിമംഗലം പാടം വരെ ഏർപ്പെടുത്തിയിട്ടുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം അറിയാത്ത യാത്രക്കാർ വഴിയിൽ കുടുങ്ങുന്നതു പതിവാണ്. ഇതേ പാതയിൽ പെരുമ്പിള്ളിശേരി മുതൽ പൂച്ചിന്നിപ്പാടം വരെ ഇരുഭാഗത്തും കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും നടപ്പാത നിർമാണം തുടങ്ങിയിട്ടില്ല. കോൺക്രീറ്റിങ്ങിന്റെ ബാക്കിയായുള്ള മെറ്റലിലൂടെ വേണം കാൽനട യാത്രക്കാർ സഞ്ചരിക്കാൻ. സ്കൂൾ വാഹനങ്ങൾ കൂടി എത്തുന്നതോടെ ഈ പാതയിൽ തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമാകും. കണിമംഗലം ചെറിയ പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡിന്റെയും നിർമാണം ഇഴയുകയാണ്. വൈദ്യുതി പോസ്റ്റുകളും ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നത് ഇനിയും പൂർത്തിയാകാനുണ്ട്.

കണിമംഗലം പാലത്തിനു സമീപം റോഡ് നിർമാണത്തിനായി ഒരു വശത്തേക്ക് വാഹനങ്ങളെ നിയന്ത്രിച്ചത് മറികടന്നു പോകുന്നവർ. ചിത്രം : മനോരമ

കടകൾ അടഞ്ഞു; മഴക്കാലം ദുരിതമാകുമോ?

കോൺക്രീറ്റിങ് തുടങ്ങി ഗതാഗതം താറുമാറായതോടെ ആളുകൾ എത്താതായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളാണ് ഈ പാതയിൽ അടച്ചുപൂട്ടിയത്. കണിമംഗലം, പാലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണു കടകൾ കൂടുതലായും പൂട്ടിയത്. ചേർപ്പ്, ചൊവ്വൂർ, പെരുമ്പിള്ളിശേരി മേഖലയിലെ ഫർണിച്ചർ വ്യവസായങ്ങളും പ്രതിസന്ധിയിലായി. ഇരു ഭാഗത്തേക്കും ഗതാഗതം താറുമാറായതിനാൽ മേഖലയിലെ താമസക്കാരും ബുദ്ധിമുട്ടിലാണ്. 

nadavarambu-deviation
ഇരിങ്ങാലക്കുട നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ റോഡ‍ു പണി നടക്കുന്നതിനാൽ നടവരമ്പിൽ നിന്നും വഴി തിരിഞ്ഞു പോകണമെന്നുള്ള സൂചനാ ബോർഡുകൾ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

7 കോടി കിട്ടി; പക്ഷേ തികയുമോ?

കൊടുങ്ങല്ലൂർ–കൂർക്കഞ്ചേരി റോഡിന്റെ നവീകരണം ഏറ്റെടുത്തിരിക്കുന്ന കെഎസ്ടിപിക്ക് പണി നടത്തിയ വകയിൽ 20 കോടി രൂപ ലഭിക്കാനുണ്ട്. ഇതിൽ 7 കോടി രൂപ ഈ മാസം 26ന് കിട്ടിയെന്നാണ് അധികൃതർ പറയുന്നത്. ഇനിയും തുക കിട്ടാനുണ്ടെന്നും ബാക്കി തുകയ്ക്കുള്ള ബില്ലുകൾ തയാറാക്കുകയാണെന്നും അധികൃതർ പറയുന്നു. മെറ്റൽ അടക്കമുള്ള ക്വാറി ഉൽപന്നങ്ങൾക്കു ക്ഷാമം നേരിടുന്നുണ്ടെന്നും കരാറിൽ നിന്നു മാറിയിട്ടില്ലെന്നും മഴക്കാലത്തിനു ശേഷം ബാക്കി തുടരുമെന്നും അധികൃതർ പ്രതികരിച്ചു. കൈവശമുള്ള നിർമാണ വസ്തുക്കൾ തീരും വരെ ചിലഭാഗങ്ങളിൽ പണികൾ നടത്തുമെന്നും കെഎസ്ടിപി അധികൃതർ പറഞ്ഞു.

റോഡ് ‘തന്ന’ പണി ഒറ്റനോട്ടത്തിൽ

∙ റോഡ്: കൊടുങ്ങല്ലൂർ–ഷൊർണൂർ റോഡ് (എസ്എച്ച് 22)
∙ കോൺക്രീറ്റിങ്: കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെ
∙ ദൂരം: 34.35 കിലോമീറ്റർ
∙ പദ്ധതി: സർക്കാരിന്റെ റീബിൽഡ് ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി
∙ നിർവഹണം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി)
∙ ചെലവ്: 203 കോടി, ജർമൻ ഗവ. ബാങ്ക് (കെഎഫ്ഡബ്ല്യു)
∙ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത്: 24 മാസം (2 വർഷം)

പദ്ധതി വിശദീകരണം

നിലവിലെ ടാർ റോഡ് പൂർണമായും പൊളിച്ച് നീക്കി, 45 സെന്റി മീറ്റർ കനത്തിലും 8 മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡ് നിർമിക്കൽ. ഇതോടൊപ്പം 60 കനാലുകളും 7 ചെറു പാലങ്ങളും പുനർനിർമിക്കും. 14 കിലോമീറ്റർ അഴുക്കുചാൽ, രണ്ടര കിലോമീറ്റർ സംരക്ഷണഭിത്തി, 46 ബസ് കാത്തിരിപ്പു കേന്ദ്രം, 27 ജംക്‌ഷനുകളുടെ വികസനം, 530 ആധുനിക തെരുവു ലൈറ്റുകൾ എന്നിവ സ്ഥാപിക്കും.

പദ്ധതി ഇപ്പോൾ!
2 വർഷം തീരാൻ ഇനി മാസങ്ങൾ മാത്രം. മേൽപ്പറഞ്ഞവയിൽ പൂർത്തിയായത് ഒന്നു പോലുമില്ല. പറഞ്ഞ സമയത്ത് തീരുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com