ഇരിങ്ങാലക്കുട ∙ മാപ്രാണം ലാൽ ആശുപത്രിക്കു സമീപം ലിമിറ്റഡ് സ്റ്റോപ്പ് ബസ്, മറ്റൊരു സ്വകാര്യ ബസിന് പിറകിൽ ഇടിച്ച് 28 പേർക്ക് പരുക്ക്. തലയ്ക്കു ഗുരുതര പരുക്കേറ്റ അഴീക്കോട് സ്വദേശികളായ ഉൗർക്കോലിൽ ബോബി (60), ഒറവത്തുരുത്തി വീട്ടിൽ പ്രകാശൻ (57), ഭാര്യ ലളിത (52) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേബിയുടെ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ.

പരുക്കേറ്റ പൈങ്ങോട് സ്വദേശി കുറ്റിയിൽ സുധീർ, മാപ്രാണം സ്വദേശി ഷമീമ, കൊടുങ്ങല്ലൂർ സ്വദേശി ബിന്ദു, കാറളം സ്വദേശി വേണുഗോപാൽ, പുല്ലൂർ സ്വദേശി പി.ഡി. ജോസ്, മൂത്തുകുന്നം സ്വദേശി ഷിജിൽകുമാർ, ഭാര്യ നിഷ, കാര സ്വദേശികളായ അബ്ദുൽ സലാം, ജോസ്, ഇരിങ്ങാലക്കുട സ്വദേശികളായ രമാദേവി, ജോൺസൺ, താണിശ്ശേരി സ്വദേശി രാധാകൃഷ്ണൻ, തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ സ്റ്റാലിൻ, അരുൺഗിരി, വള്ളിവട്ടം സ്വദേശി കെ.ടി.സജീവൻ, മതിലകം കുളിമൂട്ടം സ്വദേശി ശാലിനി,

നടവരമ്പ് കല്ലംകുന്ന് സ്വദേശി സിനോജ്, അവിട്ടത്തൂർ സ്വദേശികളായ അനിൽകുമാർ, സീന അനിൽ തുടങ്ങിയവരെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവർക്കും മുഖത്തും തലയിലുമാണു പരുക്ക്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു അപകടം. ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓർഡനറി ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ 20 മീറ്ററോളം മുന്നോട്ട് പോയി.
പരുക്കേറ്റവർ ബില്ലടയ്ക്കാൻ കഴിയാതെ വലഞ്ഞു
മാപ്രാണത്ത് ബസ് അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാതെ വലഞ്ഞു. മിക്ക യാത്രക്കാരും ജോലിക്കും മറ്റും പോകുന്നവരായിരുന്നു. ബസ് ജീവനക്കാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. എക്സ്റേ അടക്കമുള്ളവയ്ക്ക് പണം അടയ്ക്കാൻ കഴിയാതെ പരുക്കേറ്റവർ ദുരിതത്തിലായി. സമീപ പ്രദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തിയപ്പോൾ ദൂരെ പ്രദേശങ്ങളിൽ നിന്നുള്ളവർ സഹായത്തിന് ആരുമില്ലാതെ ബുദ്ധിമുട്ടി. ബസ് ജീവനക്കാർ കടന്നുകളഞ്ഞതായി പരുക്കേറ്റവർ കുറ്റപ്പെടുത്തി.
ബസുകളുടെ മരണപ്പാച്ചിൽ; കണ്ണടച്ച് അധികൃതർ
ഇരിങ്ങാലക്കുട ∙ തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടും പൊലീസും മോട്ടർ വാഹന വകുപ്പും കണ്ണ് തുറക്കുന്നില്ലെന്ന് ആക്ഷേപം. ഹെൽമറ്റ് വയ്ക്കാത്തവരെ പിടിക്കാൻ നഗരത്തിൽ ഒരേ സമയം പലയിടത്തും പരിശോധന നടത്തുന്ന പൊലീസും മോട്ടർ വാഹനവകുപ്പും ബസുകളുടെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നാണു പരാതി.
കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷന് മുൻപിലൂടെ സ്വകാര്യ ബസുകൾ അമിത വേഗത്തിൽ പാഞ്ഞിട്ടും നടപടിയില്ല. പൊലീസ് സ്റ്റേഷന് സമീപമാണു പുതിയ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം. സംസ്ഥാന പാതയിലെ റോഡ് നിർമാണം മൂലം വഴി തിരിച്ചു വിടുന്നതിനാൽ തങ്ങൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. ഇതിന് പരിഹാരം കാണേണ്ട മോട്ടർ വാഹന വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. നഗരത്തിൽ നിലവിൽ ബസുകൾ തോന്നും പോലെയാണ് സർവീസ് നടത്തുന്നത്.