മറ്റുക്ഷേത്രങ്ങളുടെ നവീകരണത്തിന് കോടികൾ നൽകുന്ന ദേവസ്വം പുന്നത്തൂർകോട്ടയിലെ ക്ഷേത്രം ജീർണിച്ചത് കണ്ടില്ലേ?
Mail This Article
ഗുരുവായൂർ ∙ ദേവസ്വം 14 ജില്ലകളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് കോടികൾ നൽകുമ്പോൾ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുന്നത്തൂർ കോട്ടയിലെ ശിവ വിഷ്ണു ക്ഷേത്രം ജീർണിച്ച നിലയിൽ. ചുറ്റമ്പലത്തിലെ ഓടിളകി കഴുക്കോലുകൾ ദ്രവിച്ചു. ഒരുഭാഗത്ത് നീല പ്ലാസ്റ്റിക് ഷീറ്റ് ഓടിനു മുകളിൽ വലിച്ചു കെട്ടിയിരിക്കുകയാണ്. ക്ഷേത്രത്തിലെ മരം കൊണ്ടുള്ള മുഖപ്പുകൾ ഇളകി വീണു. വിളക്കുമാടവും ചുറ്റമ്പലത്തിന്റെ പല ഭാഗങ്ങളും പൂപ്പൽ പിടിച്ച് നിറം മങ്ങി.
ക്ഷേത്രത്തിന് പെയിന്റ് അടിച്ചിട്ട് കാലങ്ങളായി. മതിൽ ഇടിഞ്ഞു. കല്ലും മെറ്റലും മതിൽക്കകത്ത് കൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നവീകരണം വർഷങ്ങൾക്കു മുൻപ് നടത്തി. എന്നാൽ ചുറ്റമ്പലം പണി പൂർത്തിയായില്ല. ഈ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോ ആഘോഷങ്ങളോ നടത്താറില്ല. പുന്നത്തൂർ കോട്ടയിലെ ക്ഷേത്രങ്ങൾ നവീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
നാട്ടുകാർ പിരിവെടുത്ത് നടത്തുന്ന ഗ്രാമ ക്ഷേത്രങ്ങൾ പോലും നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രങ്ങൾ ശോചനീയ സ്ഥിതിയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം കേരളത്തിലെ 14 ജില്ലകളിലെ 749 ക്ഷേത്രങ്ങളുടെ നവീകരണത്തിന് ദേവസ്വം 5 കോടി രൂപ നൽകി. ഈ വർഷവും ക്ഷേത്ര ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എന്നാൽ സ്വന്തം കീഴേടം ക്ഷേത്രങ്ങൾ ജീർണിച്ച് കിടക്കുന്നത് നന്നാക്കാൻ ദേവസ്വത്തിന് താൽപര്യമില്ല.