ചാലക്കുടി ∙ അടിപിടിക്കേസ് പ്രതിയെ തപ്പിയിറങ്ങിയ പൊലീസിനു പ്രതിക്കൊപ്പം കിട്ടിയത് 6 കിലോ കഞ്ചാവ്. പടിഞ്ഞാറെ ചാലക്കുടി വെള്ളാഞ്ചിറ റോഡിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടിപിടിക്കേസിലെ പ്രതി തങ്ങുന്നുണ്ടെന്ന രഹസ്യം വിവരം ലഭിച്ചാണു പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസിന്റെ വരവറിഞ്ഞ് കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളി കടന്നുകളഞ്ഞു.
കഞ്ചാവുമായി മറ്റൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കല്ലൂർ വെള്ളാനിക്കോട് തയ്യിൽ അനൂപിനെയാണ് (35) ഡിവൈഎസ്പി സി.ആർ. സന്തോഷ്, എസ്എച്ച്ഒ കെ.എസ്. സന്ദീപ് എന്നിവർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ നിന്നു കടന്നുകളഞ്ഞത് ബംഗാൾ മുർഷിദാബാദ് സ്വദേശി മുൻറൂൾ ഇസ്‌ലാം (30) ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തു. വരന്തരപ്പിള്ളി സ്റ്റേഷനിൽ ഗുണ്ടാ പട്ടികയിൽ ഉള്ളയാളാണ് അനൂപ്. വടിവാളുമായി ഒരാളെ ആക്രമിച്ചത് അടക്കമുള്ള കേസിൽ പൊലീസ് തിരഞ്ഞിരുന്നയാളാണ്. വരന്തരപ്പിള്ളി പൊലീസ് വല വിരിച്ചതോടെ നാട്ടിൽ നിന്ന് ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്താനായി പഴനിയിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവെന്നു പ്രതികൾ പൊലീസിനു മൊഴി നൽകി. കഞ്ചാവു വലിക്കുന്നതിനുള്ള ഒസിബി പേപ്പറുകൾ 50 എണ്ണവും 6050 രൂപയും സംഭവസ്ഥലത്തുനിന്നു പൊലീസ് പിടികൂടി. എസ്‌ഐമാരായ ഷാജു എടത്താൻ, കെടി. ബെന്നി, സി.വി. ഡേവിസ്, എൻ.എസ്. റെജി, സിപിഒമാരായ ബൈജു, എം.എക്‌സ്. ഷിജു, ബീനമോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.