തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചും അവർക്കു പച്ചക്കറി കിറ്റ് നൽകിയും മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങൾക്ക് ജില്ലയിൽ ബിജെപി തുടക്കം കുറിച്ചു. ജൂൺ 30 വരെയാണ് ആഘോഷ പരിപാടികൾ. സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി എൻ.ആർ.റോഷൻ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദിനേഷ് കരിപ്പേലിൽ, മനോജ് മത്തിൽ, ദേശീയ കൗൺസിൽ അംഗം എം.എസ്.സമ്പൂർണ, കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ.പ്രസാദ്, നിജി, സത്യലക്ഷ്മി, ഭാഗീരഥി എന്നിവർ നേതൃത്വം നൽകി.
വിവിധ തരത്തിലുള്ള വിപുലമായ സേവന പ്രവർത്തനങ്ങളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിതരണം, മെഡിക്കൽ ക്യാംപുകൾ, ശുചീകരണം, രക്തദാനം, പഠനോപകരണ വിതരണം, അനുമോദന ചടങ്ങുകൾ, വൃക്ഷത്തൈ വിതരണം, യോഗാ ക്ലാസുകൾ തുടങ്ങിയ പരിപാടികൾ ബൂത്ത് തലം വരെ നടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.