അതിരപ്പിള്ളി∙ആനമല പാതയിൽ വാഴച്ചാൽ,മലക്കപ്പാറ വനം ചെക്ക് പോസ്റ്റുകളിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിരോധനം ഏർപ്പെടുത്തിയത് അറിയാതെ എത്തുന്ന വാഹനങ്ങളാണ് മണിക്കൂറുകൾ ചെക്ക് പോസ്‌റ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. തമിഴ്‌നാട് മേഖലയിൽ നിന്നു പെർമിറ്റെടുത്ത് അതിരപ്പിള്ളി കാണാൻ വരുന്ന ടാക്‌സി വാഹനങ്ങൾ ചെക്ക് പോസ്റ്റ് കടക്കാനാകാതെ തിരിച്ച് പോകുകയാണിപ്പോൾ.
ഇത്തരം സന്ദർഭങ്ങളിൽ ധന നഷ്ടവും സമയ നഷ്ടവും ഒരുപോലെ സംഭവിക്കുന്നതായി സഞ്ചാരികൾ പറയുന്നു. ടാറിടൽ നടക്കാത്ത ദിവസങ്ങളിലും വാഹനങ്ങളുടെ യാത്രാനുമതി നിഷേധിക്കുന്നതായി ആരോപണമുണ്ട്.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതു മുതൽ സഞ്ചാരികളും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും തമ്മിൽ തർക്കങ്ങളും പതിവാണ്. രാവിലെയും വൈകിട്ടും ടാറിങ്ങിന് തടസ്സം വരാത്ത വിധത്തിൽ അവശ്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.