അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ ഫാക്ടറി റോഡിനു സമീപം പ്രവർത്തിക്കുന്ന കടയ്ക്കും വീടിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീട്ടുപകരണങ്ങളും വിൽപനയ്ക്ക് കൊണ്ടുവന്ന തേയിലയും കത്തിനശിച്ചു. ചെറുകിട തേയില വ്യാപാരിയായ മങ്ങാടൻ വീട്ടിൽ ഹുസൈന്റെ ഉടമസ്ഥതയിലുള്ള വീടും അതിനോടുചേർന്നുള്ള തേയിലക്കടയുമാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ടതോടെ വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. വൈദ്യുതി ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
വീടിന്റെ പകുതിഭാഗം പൊളിച്ച് പണി നടത്തുന്നതിനിടയിലാണ് അപകടം.സംഭവത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയുന്നു. ലയങ്ങളിലേക്കുള്ള ജലവിതരണ പൈപ്പിൽനിന്ന് വെള്ളംചീറ്റിയാണ് തീ കെടുത്തിയത്. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ.കെ.ഷാജു, പൊലീസുകാരായ ആനന്ദ്,നിഫാദ് എന്നിവരും പ്രദേശവാസികളും ചേർന്ന് തീയണച്ചു.