പട്ടിക്കാട് ∙ വിള്ളൽ രൂപപ്പെട്ട ദേശീയപാതയിലെ വഴുക്കുംപാറ മേൽപാതയിലെ അറ്റകുറ്റപ്പണി കണ്ണിൽ പൊടിയിടൽ എന്ന് ആക്ഷേപം. ശാസ്ത്രീയമായ രീതിയിൽ വിള്ളൽ പരിഹരിക്കുന്നതിനു പകരം സിമന്റും ചാന്തുമായി 2 തൊഴിലാളികൾ വിള്ളൽ അടയ്ക്കുകയായിരുന്നു. കുതിരാൻ തുരങ്കത്തിന്റെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കമുഖത്തിനു സമീപം മേൽപാത ആരംഭിക്കുന്നിടത്താണു 4 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. മേൽപാതയുടെ കിഴക്ക് ഭാഗത്ത് പാർശ്വഭിത്തിയിൽ കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ട് ഉയർത്തിയ ഭാഗത്തും വിള്ളലുണ്ട്.
9 മീറ്റർ വരെ ഉയരമുള്ള പാതയിലെ പാർശ്വത്തിൽ ഒരു ഭാഗത്താണ് കോൺക്രീറ്റിങ് നടത്തിയത്. ഭാരമേറിയ ചരക്കുവാഹനങ്ങൾ മുകളിലൂടെ പോകുമ്പോൾ റോഡ് ഇടിയുന്നതിനു സാധ്യതയുണ്ടന്നു നാട്ടുകാർ ആശങ്കപ്പെടുന്നു. ശാസ്ത്രീയമായി പ്രശ്നം പരിഹരിക്കുന്നതിന് പകരം പൊതുജന രോഷം ഉണ്ടായപ്പോൾ വിള്ളൽ അടയ്ക്കാൻ കരാർ കമ്പനി അനാവശ്യ തിടുക്കം കാണിച്ചതായും പരാതിയുണ്ട്. 5 മാസം മുമ്പും സമാനമായ രീതിയിൽ ഇവിടെ വിള്ളലുണ്ടായിരുന്നു.