കുന്നംകുളം ∙ കോൺഗ്രസുകാർ ഇനി പുതിയ കാലത്തെ രാഷ്ട്രീയം ‘നോട്ട്ബുക്കിൽ’ എഴുതി ചിട്ടയോടെ പഠിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ പ്രത്യേക നോട്ട്ബുക്കുകൾ കീഴ്ഘടകങ്ങൾക്കു വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി. കുന്നംകുളത്തെ ബൈൻഡിങ് യൂണിറ്റുകളിൽ നോട്ട്ബുക്കിന്റെ നിർമാണം സജീവമായി. വർണശബളമായ പുറംചട്ടയോടു കൂടിയാണു ‘മിഷൻ 2024’ എന്നു പേരിട്ടിരിക്കുന്ന നോട്ട്ബുക്ക് തയാറാക്കുന്നത്. ജില്ലയിലെ 2323 ബൂത്ത് കമ്മിറ്റികൾ വഴി ഇവ പ്രവർത്തകരിലേക്ക് എത്തിക്കും.
തൃശൂർ, ചാലക്കുടി, ആലത്തൂർ എന്നീ പാർലമെന്റ് മണ്ഡലങ്ങൾ നിലനിർത്താൻ താഴെത്തട്ടിലെ പ്രവർത്തനം ചിട്ടപ്പെടുത്തുകയാണു ലക്ഷ്യമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കാൻ നോട്ട്ബുക്കിൽ പ്രത്യേക ഇടമുണ്ട്. യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്താനും പുസ്തകം പ്രയോജനപ്പെടുത്തും.
മുൻകാല തിരഞ്ഞെടുപ്പിന്റെ കണക്ക്, വോട്ടർമാരുടെ വിവരങ്ങൾ, പ്രവർത്തന ഷെഡ്യൂൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. മഹാത്മാ ഗാന്ധി അടക്കം മൺമറഞ്ഞ ദേശീയ നേതാക്കളുടെ ചിത്രമുള്ള പുസ്തകത്തിൽ അതതു മണ്ഡലത്തിലെ എംപിയുടെയും ചിത്രവുമുണ്ട്.രൂപകൽപന, അച്ചടി, വിതരണം എന്നിവ ഏകോപിപ്പിക്കുന്നത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ഭാരവാഹിയും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസനാണ്.