ഗേറ്റ് തകർത്ത് കാട്ടാന വീട്ടുമുറ്റത്ത്, പ്ലാവിലെ ചക്ക മുഴുവൻ അകത്താക്കി
Mail This Article
അതിരപ്പിളളി ∙ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക മുഴുവൻ അകത്താക്കി. ചിക്‌ളായി പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന പുത്തൻവേലിക്കര സ്വദേശി വിൻസന്റിന്റെ വീട്ടുപറമ്പിലാണ് ഗേറ്റ് തകർത്ത് ആന കയറിയത്. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ആക്രമണമുണ്ടായത്. പരിസരവാസികളായ ബേബി കെ.തോമസ്, ജോർജ് വെണ്ണാട്ടുപറമ്പിൽ എന്നിവർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടിയോടിച്ചു. കഴിഞ്ഞ ദിവസം വെണ്ണാട്ടുപറമ്പിൽ വർഗീസിന്റെ കൃഷിയിടത്തിലും കാട്ടാന കയറി വിളകൾ നശിപ്പിച്ചു.
ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിനു സമീപം പുഴയിലെ തുരുത്തിൽ പകൽ തമ്പടിക്കുന്ന ആനകളാണ് ചിക്‌ളായി തുമ്പൂർമുഴി മേഖലയിൽ ഭീഷണിയാകുന്നത്. ചിക്‌ളായി വനാതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിച്ചതോടെ കാട്ടിൽ നിന്നുണ്ടായിരുന്ന കാട്ടാന ആക്രമണം കുറവുണ്ടായതായി പറയുന്നു. എന്നാൽ പ്ലാന്റേഷൻ അതിർത്തികളിൽ കൂടി വൈദ്യുതി വേലിയുടെ സംരക്ഷണം ഒരുക്കിയാൽ വന്യജീവി ആക്രമണങ്ങൾ തടയാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.