ഒഡീഷ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വീട്ടിലെത്തി

Mail This Article
ചേലക്കര∙ ഒഡീഷ ട്രെയിൻ അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടവർ ഇന്നലെ രാവിലെ കളപ്പാറയിലെ വീട്ടിലെത്തി. വിമുക്ത ഭടൻ കണ്ടംചിറയിൽ ജോയി (58), ഭാര്യ സരിത (51), മകൾ ജെന്ന (18), ജോയിയുടെ സഹോദരൻ ജോർജ് (62) എന്നിവരാണ് വീട്ടിലെത്തിയത്. പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു വീട്ടിലെത്തിയെങ്കിലും അപകടത്തിന്റെ നടുക്കവും കൂട്ട നിലവിളികളും ഇപ്പോഴും കാതിൽ മുഴങ്ങുന്നതായി ജോയിയും കുടുംബവും പറഞ്ഞു.
തങ്ങൾ സഞ്ചരിച്ച ബി 3 ബോഗി തൊട്ടടുത്ത ബോഗികളിൽ നിന്നു വേർപെടാത്തതു കൊണ്ടു മാത്രമാണു ജീവൻ രക്ഷപ്പെട്ടത്. വേർപെട്ട് ഒറ്റപ്പെട്ട ബോഗികളെല്ലാം പലവുരു മറിഞ്ഞു ചിന്നിച്ചിതറി. അതിലുള്ളവരിൽ ഏറെപ്പേരും മരണപ്പെടുകയും ചെയ്തു. കൊൽക്കത്തയിൽ പട്ടാളക്കാരനായിരുന്ന ജോയിയുടെ വിരമിക്കൽ ചടങ്ങിനാണു കുടുംബം പോയത്. ജോയിയോടൊപ്പം തിരികെ വരുമ്പോഴായിരുന്നു അപകടം. നാട്ടുകാരനായ മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് നോർക്കയുടെ സഹായത്തോടെ അപകട ശേഷമുള്ള മടക്ക യാത്രയും താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമായെന്നു കുടുംബം പറഞ്ഞു.