അതിരപ്പിള്ളി∙ പ്ലാന്റേഷൻ എസ്‌റ്റേറ്റിലെ ലയങ്ങളുടെ സമീപം പകൽ കാട്ടാന ഇറങ്ങി; തോട്ടം തൊഴിലാളികൾ ഭീതിയിൽ. കെട്ടിടങ്ങൾക്കു സമീപത്തുള്ള പ്ലാവുകളിലെ ചക്ക ലക്ഷ്യമിട്ടാണ് ആനകളെത്തുന്നത്. കഴിഞ്ഞ ദിവസം പകലാണ് ആനകളെത്തിയത്. തൊഴിലാളികൾ പടക്കം പൊട്ടിച്ച് വനത്തിലേക്കു തുരത്തിയ ആനകൾ 7 മണിയോടെ തിരിച്ചെത്തി. വർഷങ്ങളായി രാത്രി ആന ശല്യമുണ്ട്. ലയങ്ങളുടെ അടുത്തുള്ള പ്ലാവുകൾ മുറിച്ചു മാറ്റണമെന്നു തൊഴിലാളികൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
എന്നാൽ പാട്ടഭൂമിയായ പ്ലാന്റേഷൻ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. അതിനാൽ ചില്ലകൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. ലയങ്ങൾക്കു സമീപം പുതിയ എണ്ണപ്പനത്തൈകൾ വച്ചുപിടിച്ച ഭാഗത്ത് 2 ആൾപ്പൊക്കത്തിൽ വളർന്നു നിൽക്കുന്ന വട്ടക്കാടിലാണ് പകൽ ആനകൾ തമ്പടിക്കുന്നത്. ഏഴാറ്റുമുഖം ടൂറിസം റോഡിൽ കാട്ടാനയെ കാണാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.

കാട്ടാന റോഡിൽ: ഗതാഗതം തടസ്സപ്പെട്ടു
അതിരപ്പിള്ളി∙ ആനമല പാതയിൽ തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം കാട്ടാനക്കൂട്ടം റോഡിലിറങ്ങി അരമണക്കൂറോളം ഗതാഗതം മുടങ്ങി. കൊന്നക്കുഴി സ്‌റ്റേഷനിലെ വനപാലകർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ആനകൾ റോഡ് മുറിഞ്ഞു കടന്ന ശേഷം വാഹനങ്ങൾ കടത്തി വിട്ടു. തുമ്പൂർമുഴി ഔഷധ തോട്ടത്തിലെ ആനത്താരയിലൂടെ യാണ് റോഡ് മുറിയാൻ ആനകൾ എത്തുന്നത്