ADVERTISEMENT

അഴീക്കോട് ∙ ട്രോളിങ് നിരോധനത്തിനു മുൻപേ അഴീക്കോട്ടേയും മുനമ്പത്തേയും ബോട്ടുകൾ തീരത്തടുത്തു. ഇനിയുള്ള ദിവസങ്ങൾ ബോട്ടുകൾക്കും മത്സ്യബന്ധന മേഖലയ്ക്കും പൂർണമായും വിശ്രമകാലം. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോടും എറണാകുളം ജില്ലയിലെ മുനമ്പത്തും മത്സ്യബന്ധന മേഖല നിശ്ചലമാകും. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ രാത്രി അറിയിച്ചതോടെ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകളും തീരത്തടുത്തു.

മത്സ്യക്ഷാമവും ഭാരിച്ച ഇന്ധനച്ചെലവും കാരണം ബോട്ടുകളിൽ ഭൂരിഭാഗവും കടലിൽ പോകാതെ നേരത്തെ തീരത്തടുത്തിരുന്നു. ഏതാനും വർഷങ്ങളായി മത്സ്യബന്ധനമേഖലയിൽ മാന്ദ്യം രൂക്ഷമാണ്. തൊഴിലാളികളുടെ കൂലിയും ഡീസൽ ചെലവും കഴിഞ്ഞു ചെലവിനുള്ള പണം പോലും ലഭിക്കാതായതോടെയാണു ബോട്ടുകൾ നേരത്തെ കരയിലടുത്തത്. അഴീക്കോട് – മുനമ്പം ഭാഗങ്ങളിൽ നിന്നു 800ലേറെ ബോട്ടുകളാണ് അഴിമുഖം വഴി കടലിലിറങ്ങാറുള്ളത്.

ട്രോളിങ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, തരകൻമാർ, ലോഡിങ് തൊഴിലാളികൾ, വ്യാപാരികൾ, മത്സ്യ വിൽപന തൊഴിലാളികൾ, അനുബന്ധ തൊഴിലാളികളും വിശ്രമത്തിലാകും. കന്യാകുമാരി, കുളച്ചൽ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തി അഴീക്കോട് – മുനമ്പം കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. അഴീക്കോട്, മുനമ്പം, പള്ളിപ്പുറം, കുഞ്ഞിത്തൈ എന്നിവിടങ്ങളിലെ യാർഡുകളിലും ബോട്ടുകൾ വിശ്രമത്തിലാണ്. ഇതേസമയം കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ ഇക്കുറി ട്രോളിങ് നിരോധനം ശക്തമാക്കാനാണ് തീരുമാനം.  

കർശന നിരീക്ഷണം നടത്തും

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണം നടത്തും. ജില്ലയുടെ തീരങ്ങളിൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെ ട്രോളിങ് നിരോധനം അറിയിച്ചു ഫിഷറീസ് വകുപ്പ് പ്രചാരണം നടത്തും. കടലിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമലംഘനങ്ങൾ തടയാൻ തീരദേശ പൊലീസുമായി ചേർന്നു വിപുലമായ ഒരുക്കം നടത്തും.

ഫിഷറീസ് സ്റ്റേഷൻ വാടകയ്ക്കെടുക്കുന്ന ബോട്ടുകൾ അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ട്രോളിങ് നിരോധനമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മത്സ്യബന്ധനം നടത്തുന്നതിനു തടസ്സമുണ്ടാകില്ല. മത്സ്യബന്ധനത്തിനു ഇൻബോർഡ് വള്ളങ്ങൾ അനുവദിക്കുമെങ്കിലും ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ എന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അനിത അറിയിച്ചു.

ട്രോളിങ് നിരോധനം 9 മുതൽ 

തൃശൂർ ∙ ട്രോളിങ് നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ റേഷൻ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ സിവിൽ സപ്ലൈ ഓഫിസർക്ക് കലക്ടർ വി.ആർ.കൃഷ്ണ തേജ നിർദേശം നൽകി. ട്രോളിങ് നിരോധന കാലയളവിൽ തീരദേശ പൊലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ഇന്ധനം നൽകാനും സിവിൽ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

9ന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 50 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ഈ കാലയളവിൽ ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റൽ പട്രോളിങ് ശക്തമാക്കാൻ റൂറൽ ജില്ലാ പൊലീസ് ചീഫിനും നിർദേശം നൽകി. നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കലക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. 

∙രണ്ടു ബോട്ടുകളിലായി 8 ലൈഫ് ഗാർഡുമാരെ നിയമിക്കുന്നതിന് നടപടി പൂർത്തീകരിച്ചു വരുന്നു. 

∙നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വയ്ക്കണം.

∙ജില്ലയുടെ തീരപ്രദേശത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവൽകൃത ബോട്ടുകളും 9 അർധരാത്രിക്ക് മുൻപ് കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതത് ബേസ് ഓഫ് ഓപറേഷനിൽ ആങ്കർ ചെയ്യണം. 

∙തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവൽകൃത ബോട്ടുകൾക്ക് ഇന്ധനം നൽകാൻ പാടില്ല. 

∙പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി 

∙കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിങ് നിരോധനം കഴിയുന്നതു വരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. 

∙പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിങ് അനുവദിക്കില്ല. ജുവനൈൽ ഫിഷിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും. 

∙ട്രോൾ നിരോധനം കഴിയുന്നതിനുള്ളിൽ ബോട്ടുകൾ കളർ കോഡിങ് പൂർത്തീകരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com