ഓർമകളുടെ പ്രൗഢിയിൽ കേരളവർമ കോളജ്

HIGHLIGHTS
  • കൊച്ചി രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ചരിത്രവിവരങ്ങളും സ്ഥാപിച്ചു
കേരള വർമ കോളജ് സ്ഥാപിക്കാൻ കൊട്ടാരവും എസ്റ്റേറ്റും വിട്ടു നൽകിയ കൊച്ചി രാജാക്കൻമാരുടെ ചിത്രങ്ങളും ചരിത്ര വിവരങ്ങളും ആലേഖനം ചെയ്ത കോളജിലെ ഓഫീസ്. ചിത്രം: മനോരമ
കേരള വർമ കോളജ് സ്ഥാപിക്കാൻ കൊട്ടാരവും എസ്റ്റേറ്റും വിട്ടു നൽകിയ കൊച്ചി രാജാക്കൻമാരുടെ ചിത്രങ്ങളും ചരിത്ര വിവരങ്ങളും ആലേഖനം ചെയ്ത കോളജിലെ ഓഫീസ്. ചിത്രം: മനോരമ
SHARE

തൃശൂർ ∙ കലാലയത്തിനു കാരണഭൂതരായവരുടെ കരുതലിനു കാലത്തിന്റെ കയ്യൊപ്പുമായി കേരളവർമ കോളജ്. കൊട്ടാരവും എസ്റ്റേറ്റും കോളജ് സ്ഥാപിക്കാൻ വിട്ടുനൽകിയ കൊച്ചി രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ചരിത്രവിവരങ്ങളും കോളജിലെ ഓഫിസ് അങ്കണത്തിൽ ആലേഖനം ചെയ്തതിന്റെ ചാരിതാർഥ്യത്തിലാണ് ചരിത്രസ്നേഹികൾ. കേരളവർമ കോളജിനു സ്വന്തം വിശ്രമ കൊട്ടാരം വിട്ടുനൽകിയ രാമവർമ മഹാരാജാവിന്റെയും കോളജ് പൊതുസമൂഹത്തിനു സമർപ്പണം നടത്തിയ കേരളവർമയുടെയും ചിത്രങ്ങളും ചരിത്ര വിവരണങ്ങളുമാണ് കോളജിന്റെ ഓഫിസ് അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ ഗാന്ധിജിയുടെ സന്ദർശനം വിവരിക്കുന്ന സംഭവങ്ങളും കോംപൗണ്ടിലെ കെട്ടിടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കേരളവർമയിലെത്തുന്നവർക്കു കോളജിന്റെ ചരിത്ര പ്രാധാന്യവും മഹാരാജാക്കന്മാരുടെ ചിത്രങ്ങളും ചരിത്ര സത്യങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഇവ അടയാളപ്പെടുത്തിയതെന്നു കേരളവർമ കോളജ് പ്രിൻസിപ്പൽ വി.എ.നാരായണ മേനോൻ പറഞ്ഞു. 1947 ഓഗസ്റ്റ് 11നാണ് കേരളവർമ കോളജ് ആരംഭിച്ചത്. കൊച്ചി രാജവംശത്തിലെ രാജർഷി എന്ന് വിളിക്കപ്പെടുന്ന രാമവർമ മഹാരാജാവിന്റെ വേനൽക്കാല വസതിയായ മെറി ലോഡ്ജ് പാലസ് ആണ് കേരളവർമ കോളജായി മാറിയത്.

തൃശൂരിൽ ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന സ്ഥാപനങ്ങൾ കുറവാണെന്ന പൊതുജനാഭിപ്രായത്തെ തുടർന്ന് കോളജിന്റെ നിർമാണത്തിനായി മെറി ലോഡ്ജ് പാലസും ചുറ്റുമുള്ള വിശാലമായ എസ്റ്റേറ്റും കേരളവർമ വിട്ടുനൽകി. ഇതുകൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ തടികളും ആറു ലക്ഷം രൂപയുടെ സഹായധനവും അദ്ദേഹം അനുവദിച്ചു. വജ്രജൂബിലി ആഘോഷിച്ചതിന്റെ സ്മരണയ്ക്കായി ‘കേരളവർമ കോളജ് 75ന്റെ നിറവിൽ’ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

കോളജിന്റെ ചരിത്ര സ്മരണ നിലനിർത്തുന്നതിനു ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികൾ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണെന്നു പ്രിൻസിപ്പൽ നാരായണ മേനോൻ പറ‍ഞ്ഞു. പഠിച്ച കലാലയത്തിലെ പ്രിൻസിപ്പലാവുകയെന്ന ഭാഗ്യത്തിനുടമ കൂടിയാണ് വി.എ.നാരായണ മേനോൻ. 1983 കാലയളവിലാണ് നാരായണ മേനോൻ ഇവിടെ വിദ്യാർഥിയായിരുന്നത്. പിന്നീട് ഇവിടെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS