കേരളത്തിന്റെ യശസ് ലോകരാജ്യങ്ങളിലേക്കു എത്തിച്ച ഉണ്ണി ഗുരുക്കൾ; കളരിക്ക് സമർപ്പിച്ച ജീവിതം

ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ സി.ശങ്കരനാരായണ മേനോൻ (ഉണ്ണി ഗുരുക്കൾ) പത്മശ്രീ പുരസ്കാരം ഇന്ത്യൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ സി.ശങ്കരനാരായണ മേനോൻ (ഉണ്ണി ഗുരുക്കൾ) പത്മശ്രീ പുരസ്കാരം ഇന്ത്യൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങുന്നു.
SHARE

ചാവക്കാട്∙ കളരിക്കു വേണ്ടി സമർപ്പിച്ച ജീവിതത്തിലൂടെ പത്മശ്രീ നേടി ചാവക്കാടിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഇന്നലെ അന്തരിച്ച ഉണ്ണി ഗുരുക്കൾ. വല്ലഭട്ട കളരിയിലൂടെ കേരളത്തിന്റെ യശസ് ലോകരാജ്യങ്ങളിലേക്കു പടർത്തി ആയിരക്കണക്കിനു ശിഷ്യൻമാരെ സമ്പാദിച്ചു. 94–ാം വയസിലും പുലർച്ചെ 5.30ന് ഉണ്ണി ഗുരുക്കൾ കളരിയിലെത്തുമായിരുന്നു. കസേരയിലിരുന്ന് വായ്ത്താരി ചൊല്ലികൊടുത്താണു ദിനം ആരംഭിച്ചിരുന്നത്. മലപ്പുറം തിരൂർ നിറമരുതൂർ വീരശ്രീ മുടവങ്ങാട്ടിൽ ശങ്കുണ്ണി പണിക്കരുടെയും തിരൂർ വെങ്ങാലൂർ ചൂണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മകനാണു ഉണ്ണി ഗുരുക്കൾ.

1957ൽ മേലേപ്പുരക്കൽ തറവാട്ടുകാർക്ക് കളരി അഭ്യസിക്കുന്നതിനു വേണ്ടിയാണ് ചെറായി രാമൻ പണിക്കരുടെ ക്ഷണം സ്വീകരിച്ച് മണത്തല വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ ശങ്കുണ്ണി പണിക്കരുടെ നേതൃത്വത്തിൽ വല്ലഭട്ട കളരി സംഘം സ്ഥാപിച്ചത്. അതേ വർഷം തന്നെ ചാവക്കാട് പൊലീസ് സ്റ്റേഷനു പിറകുവശത്തായി സ്ഥിരം കളരി കെട്ടി ശങ്കുണ്ണി പണിക്കർ കളരി പഠിപ്പിക്കാൻ തുടങ്ങി. 1965 ജൂൺ 2ന് ശങ്കുണ്ണി പണിക്കരുടെ മരണശേഷം കളരിയുടെ ചുമതല മക്കളും ഗുരുക്കൻ മാരുമായ രാവുണ്ണികുട്ടി മേനോൻ, ശ്രീധര മേനോൻ, വിശ്വനാഥ മേനോൻ, ഉണ്ണി ഗുരുക്കൾ എന്നിവർ ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് ഉണ്ണി ഗുരുക്കളുടെ പൂർണ നിയന്ത്രണത്തിലാണു വല്ലഭട്ട കളരി പടർന്നുപന്തലിച്ചത്. അച്ഛന്റെ ശിക്ഷണത്തിൽ ആറാം വയസിൽ മുടവങ്ങാട്ട് തറവാട്ടു കളരിയിൽ ഉണ്ണി അഭ്യാസം ആരംഭിച്ചു. 16–ാം വയസിലായിരുന്നു അരങ്ങേറ്റം. അച്ഛന്റെയും അമ്മയുടെയും വീട്ടുകാർ പാരമ്പര്യ കളരി കുടുംബങ്ങളാണ്. വെട്ടത്ത് രാജാവിന്റെ പടനായകത്വം ഉണ്ടായിരുന്നയാളാണ് വീരശ്രി ശങ്കുണ്ണി പണിക്കർ. പൊന്നാനി തുറമുഖത്തിന്റെ സുരക്ഷാ ചുമതല വല്ലഭട്ട കളരിക്കായിരുന്നു. ദേശീയ കായിക ദിനത്തിൽ മുൻ ഗവർണർ പി.സദാശിവം ഉണ്ണി ഗുരുക്കളെ ആദരിച്ചിരുന്നു. ആയോധനകലയുടെ വിശുദ്ധിയും നന്മയും തലമുറകളിലേക്കു ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ മടക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS