ADVERTISEMENT

മൂന്നാർ ∙ തമിഴ്നാട്ടിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപയുമായി കടന്ന സംഘത്തിലെ തൃശൂർ സ്വദേശികളായ രണ്ടുപേരെ മൂന്നാറിൽ പൊലീസ് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നു 2 സ്യൂട്ട് കേസ് നിറയെ പണം പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിടിച്ച് 2 വാഹനങ്ങളിലെ ഡ്രൈവർമാർക്കു പരുക്കേറ്റു. തൃശൂർ ചാലക്കുടി താഴൂർ വടാശേരി എഡ്‌വിൻ തോമസ് (26), മേലൂർ നടുത്തുരുത്ത് സ്വദേശി നെല്ലിശേരി ഫെബിൻ സാജു (26), എന്നിവരെയാണ് തിരുനെൽവേലി നാങ്കുനേരി ഡിവൈഎസ്പി എൻ.രാജു, മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

മേയ് 30നു രാവിലെ തമിഴ്നാട്ടിൽ തിരുനൽവേലി നെല്ലെയിലാണു കവർച്ച നടന്നത്. നെല്ലെയ് സ്വദേശിയും സ്വർണവ്യാപാരിയുമായ സുശാന്തിനെയും 2 ജീവനക്കാരെയും കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷമാണ് 2 വാഹനങ്ങളിലെത്തിയ എട്ടംഗസംഘം ഒന്നരക്കോടി തട്ടിയെടുത്തത്. സ്വർണം വാങ്ങാനായി കാറിൽ ജീവനക്കാരുമൊത്ത് നെയ്യാറ്റിൻകരയ്ക്കു പോകുന്നതിനിടെയായിരുന്നു മുഖംമൂടി സംഘത്തിന്റെ ആക്രമണം.അന്വേഷണത്തിനിടെ, മോഷണസംഘത്തിലെ രണ്ടുപേർ കേരളത്തിലേക്കു കടന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തി. ദേശീയപാത വഴി പ്രതികൾ വരുന്നതറിഞ്ഞ് മൂന്നാർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്റ്റേഷനു സമീപം റോഡിൽ വാഹനം കുറുകെയിട്ടു.

ഇതുവഴിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവും റോഡിലിട്ടു. പിന്നാലെ തമിഴ്നാട് പൊലീസും എത്തിയതോടെ പ്രതികൾ വാഹനം അമിതവേഗത്തിൽ പിന്നിലേക്കെടുത്തു. ഒരു കാറും ഓട്ടോയും ഇടിച്ചു തകർത്ത വാഹനം നിയന്ത്രണംവിട്ട് പൊലീസ് സ്‌റ്റേഷൻ മതിലിൽ ഇടിച്ചാണു നിന്നത്. പ്രതികളിലൊരാൾ വനത്തിലേക്ക് ഓടിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. പ്രതികളെ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി.    പിടിയിലായ ഫെബിൻ 8 കേസുകളിലും എഡ്‌വിൻ 2 കേസുകളിലും പ്രതികളാണെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com