ADVERTISEMENT

ചാലക്കുടി ∙ നഗരസഭ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ ഭൂമി ഏറ്റെടുത്തതിന്റെ കടം തീർക്കാൻ നഗരസഭ ബാങ്ക് വായ്പ എടുക്കുന്നു. ലാൻഡ് അക്വിസിഷൻ കേസുകളിൽ ബാധ്യതയായ 29 കോടി ബാങ്ക് വായ്പയെടുത്ത് അടയ്ക്കുന്നതിനു 2022 ഡിസംബറിൽ അനുമതി ലഭിച്ചിരുന്നു. വായ്പാ തിരിച്ചടവിനു നഗരസഭയുടെ തനതുഫണ്ട്, വികസന ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവ ഉപയോഗിക്കാൻ കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിച്ചു.

കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ പരിഗണിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. 22ന് 12 വരെ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു. ഭൂമിയുടെ വിലയും പലിശയും അടക്കം നേരത്തെ 24 കോടി രൂപ നൽകാനുണ്ടായിരുന്നു. പിന്നീട് തുക വർധിച്ച് 29 കോടി രൂപയോളമായി. നഗരസഭ തുക അടയ്ക്കാതായതോടെ സർക്കാർ സ്ഥാപനങ്ങളുടെ സ്വത്തുകൾ ജപ്തി ചെയ്തു തുക ഈടാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇരിങ്ങാലക്കുടയിൽ ജപ്തി നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് നിർത്തി വച്ചിരുന്നു.

നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം നിർമിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. ഇടക്കാലത്ത് ഒരു ദിവസം അര ലക്ഷം രൂപയോളം പലിശ ഇനത്തിൽ മാത്രം ചെലവാകുന്നുണ്ട്. 2 പേരിൽ നിന്നായി രണ്ടര ഏക്കർ ഭൂമിയാണു നഗരസഭ ഏറ്റെടുത്തിരുന്നത്. ഇതേ സമയത്ത് ഏറ്റെടുത്ത മറ്റുള്ളവരുടെ ഭൂമിയുടെ വില കൊടുത്തു തീർത്തിരുന്നു. സെന്റിന് 4 ലക്ഷത്തോളം രൂപ വീതം നൽകാനായിരുന്നു കോടതി വിധി. കൂടാതെ ഭൂമി ഏറ്റെടുത്ത കാലം മുതലുള്ള പലിശയായും ഭീമമായ തുക ഒടുക്കണം. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഭൂമിയുടെ ഉടമകളായിരുന്നവർക്ക് അനുകൂലമായ വിധിയാണുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com