മിയാവാക്കി: മുനയ്ക്കൽ ബീച്ചിലെ മായാവനം

Mail This Article
കൊടുങ്ങല്ലൂർ ∙ ഇത് അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിലെ മിയാവാക്കി കാട്. പുരാതന മുസിരിസ് തുറമുഖ കവാടമായ ബീച്ചിലെ മണൽപരപ്പിൽ ഒരുക്കിയ കാട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു. സംസ്ഥാനത്തു ഒരുക്കിയ 12 മിയാവാക്കി കാടുകളിലൊന്നാണിത്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) സഹകരണത്തോടെ കേരളത്തിലെ 10 ജില്ലകളിലായി പൂർത്തീകരിച്ച 12 മിയാവാക്കി വനവത്ക്കരണ പദ്ധതികളിൽ ഒന്നാണിത്.

2020 മേയ് 15 നാണ് ഇവിടെ തൈകൾ നട്ടത്. 20 സെന്റ് സ്ഥലത്തു 10 3 ഇനങ്ങളിലായി 3215 തൈകളാണു നട്ടുവളർത്തിയത്.ഇലഞ്ഞി, ഉങ്ങ്, നാഗലിംഗം, പ്ലാവ്, ആഞ്ഞിലി, മാവ്, പുന്ന, പൂവരശ്, ഒതളം, മന്ദാരം, കമ്പകം, മുല്ല, വഴന, കടമ്പ്, രക്തചന്ദനം, പാല, കൂവളം എന്നിവയെല്ലാം ചുരുങ്ങിയ കാലം കൊണ്ടു വളർന്നു വലുതായി.
10 വർഷം കൊണ്ടു ഏകദേശം 30 വർഷം പ്രായമായ ഒരു കാടിന്റെ പ്രതീതി കിട്ടും. ഒരു ചതുരശ്ര അടി വിസ്തൃതിയിൽ 4 തൈകളാണ് മിയോവാക്കി മാതൃകയിൽ നടുന്നത്. തൈകൾ അടുത്തടുത്തു നടുന്നതിനാൽ സൂര്യ പ്രകാശം ലഭിക്കാൻ അവ പരസ്പരം മത്സരിച്ചു വളരാനുള്ള പ്രേരണം നൽകും.ജൈവവളം മാത്രമാണ് മിയാവാക്കി തൈകൾ നടുവാൻ ഉപയോഗിക്കുന്നത്.
കൾച്ചർ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ആണ് കെ-ഡിസ്കിനു വേണ്ടിയും ടൂറിസത്തിനു വേണ്ടിയും മറ്റും മിയാവാക്കി കാടുകൾ നിർമിക്കുന്നത്. വിശാലമായ മണൽപ്പരപ്പും ചൂൂളമരക്കാടൊരുക്കുന്ന പച്ചത്തുരുത്തും പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ അറബിക്കടലിൽ സംഗമിക്കുന്ന മനോഹര ദൃശ്യവും ഒപ്പം മിയോവാക്കി കാടും ബീച്ചിനെ സുന്ദരമാക്കുന്നു.