ഒളരി–പുല്ലഴി റോഡ്; പണി തുടങ്ങിയപ്പോൾ പുറമ്പോക്ക് കൈവശം വച്ചിരുന്നവർ കോടതിയിലേക്ക്, നവീകരണവും നിന്നു
Mail This Article
തൃശൂർ ∙ പരാതികൾ കോടതിയിൽ തീർപ്പാക്കാത്തതിനാലും കോർപറേഷൻ നടപ്പാക്കേണ്ട പുനരധിവാസം വൈകിയതിനാലും ഒളരി -പുല്ലഴി റോഡ് നവീകരണം നീളുന്നു. ദിവസവും നൂറു കണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡ് ആണിത്. ഒളരി സെന്ററിൽ നിന്ന് പുല്ലഴി വായനശാല വരെ പോകുന്ന 1.3 കിലോമീറ്റർ നീളമുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. കോർപറേഷനിലെ 46, 47, 48 ഡിവിഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഒട്ടേറെ സ്ഥലത്ത് ആഴത്തിൽ കുഴികളുണ്ടായിട്ടുണ്ട്.
7 മീറ്റർ ടാറിങ്, 3 മീറ്റർ നടപ്പാത, 2 മീറ്റർ ഡ്രെയ്നേജ് എന്നിവ ഉൾപ്പെടെ 12 മീറ്ററിൽ റോഡ് നവീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ റോഡ് 5.5 മീറ്ററിൽ ടാറിങ്, ബാക്കി കിട്ടുന്ന ഭാഗത്തു 1.5 മീറ്ററിൽ കോൺക്രീറ്റ് എന്നാക്കി ചുരുക്കി റോഡ് പണി അവസാനിപ്പിക്കാനായി പിന്നീട് തീരുമാനം. 2020ൽ ആണ് റോഡ് നിർമാണത്തിന് അനുമതി നൽകിയത്. 9 മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പണി ആരംഭിച്ചത് 2021 ഡിസംബറിലാണ്.
പണി ആരംഭിച്ചപ്പോൾ പുറമ്പോക്ക് കൈവശം വച്ചിരുന്ന 20 പേർ പരാതിയുമായി കോടതിയെ സമീപിച്ചു. ഈ പരാതികൾ 4 മാസത്തിനു ശേഷം തീർപ്പാക്കി. തുടർന്ന് 2022 ഡിസംബറിൽ വീണ്ടും പണികൾ ആരംഭിച്ചു. 11 പേർ വീണ്ടും പരാതി കൊടുത്തു. ഇത് തീർപ്പാക്കിയിട്ടില്ല. കോർപറേഷൻ 3 പേർക്ക് പുനരധിവാസം കൊടുക്കേണ്ടതുണ്ട്. ഇതും എങ്ങുമെത്തിയിട്ടില്ല. കോർപറേഷന്റെ അധീനതയിൽ ഉള്ള സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടതും രണ്ടു കെട്ടിടങ്ങളുടെ മുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ചത് മാറ്റിസ്ഥാപിക്കണമെന്നതും റോഡ് നവീകരണത്തിന് തടസ്സമായി തുടരുകയാണ്. വ്യക്തികൾ കയ്യേറിയ ഭാഗങ്ങൾ പലയിടത്തും തിരിച്ചു കിട്ടാനുമുണ്ട്.