ഒല്ലൂരിൽ കുരുക്കഴിക്കാൻ നടപടി

ഒല്ലൂർ ജംക്‌ഷൻ
SHARE

ഒല്ലൂർ∙  ഗതാഗത തടസ്സം മൂലം വീർപ്പുമുട്ടുന്ന ഒല്ലൂർ സെന്ററിലെ കുരുക്കഴിക്കാൻ ഒല്ലൂർ പൊലീസ്. വൺവേ സംവിധാനം ഒരുക്കിയും, തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റിയും കുരുക്കഴിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച് യോഗത്തിൽവച്ച നിർദേശം എല്ലാവരും അംഗീകരിച്ചു. എസിപി പി. എസ്. സുരേഷ്, എസ്എച്ച്ഒ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. ജനപ്രതിനിധികൾ, രാഷ്ട്രീയ, വ്യാപാരി, ബസ്, ഓട്ടോ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെയും വൈകിട്ടും മണിക്കൂറുകൾ നീളുന്ന കുരുക്ക് ഒഴിവാക്കാനുള്ള ചർച്ചയിൽ ഒട്ടേറെ നിർദേശങ്ങൾ പങ്കുവച്ചു. ഇതിൽ അടിയന്തരമായി നടപ്പിലാക്കാനായി 2 നിർദേശങ്ങൾ അംഗീകരിക്കുകയായിരുന്നു.

തൃശൂരിൽ നിന്നു വരുന്ന ഇരുചക്രവാഹനമടക്കമുള്ളവ പകൽ സമയത്ത് പൊലീസ് സ്റ്റേഷനു മുന്നിലൂടെ വൺവേയാക്കി കാർപേട്ട റോഡിലൂടെ ആമ്പല്ലൂർ ഭാഗത്തേക്ക് പോകുന്ന സംവിധാനമാണ് ആദ്യം നടപ്പിലാക്കുക. മുൻപ് 2 തവണ നടപ്പിലാക്കി പിൻവലിച്ച നടപടിയാണെങ്കിലും, ഇപ്പോൾ റോഡിനു വീതി കൂടിയതോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സെന്ററിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നൂറു മീറ്റർ ദൂരത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് അടുത്ത നടപടി. ഇതിനു വേണ്ടി കാത്തലിക് സിറിയൻ ബാങ്കിനു എതിർ വശത്ത് സ്ലാബുകൾ നിർമിച്ച് സ്ഥലം കണ്ടെത്തും. മേരിമാത പള്ളിക്കു സമീപം നിർത്തുന്ന ബസുകൾക്ക് പിഴ ചുമത്താനും തീരുമാനിച്ചു.

ഫുട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കുക, വൈദ്യുതി കാലുകൾ, ട്രാൻസ്ഫോമറുകൾ എന്നിവ മാറ്റി സ്ഥാപിക്കുക, എസ്റ്റേറ്റിനു സമീപത്തെ അനധികൃത പാർക്കിങ് ഒഴിവാക്കുക, എസ്റ്റേറ്റ് മുതൽ പനംകുറ്റിച്ചിറ കുളം വരെയുള്ള റോഡിലെ പാർക്കിങ് ഒഴിവാക്കുക, ഈ റോഡിൽ തൃശൂർ എം ജി റോഡ് മാതൃകയിൽ ഡിവൈഡർ സ്ഥാപിക്കുക എന്നീ നിർദേശങ്ങളും ചർച്ച ചെയ്തു. യോഗത്തിലെടുത്ത നിർദേശങ്ങൾ ജില്ലാ ട്രാഫിക് അഡ്വൈസറി ബോർഡിനു സമർപ്പിക്കുകയും, അവരുടെ അംഗീകാരം ലഭിച്ചാൽ ഉടനെ നടപ്പിലാക്കുമെന്നും എസ് എച്ച് ഒ ബെന്നി ജേക്കബ് അറിയിച്ചു.

ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി  കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടൗൺ വികസനവും, പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് വീതി കൂട്ടലും അടുത്ത ഘട്ടത്തിൽ നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.സി.പി. പോളി, കരോളിൻ പെരിഞ്ചേരി, സുനീഷ് ജോൺസൺ, ബിജു എടക്കളത്തൂർ, ജോയ് പടിക്കല, ബാബു തച്ചനാടൻ, കെ.വി. ബിജു, റിസൺ വർഗീസ്, കെ. രാജശേഖരൻ, ജെറീഷ് പെരിഞ്ചേരി, കെ.എസ്. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS