സ്ലൂയിസ് വന്നു റോഡ് പോയി

Mail This Article
പുന്നയൂർ ∙ സ്ലൂയിസ് നിർമാണത്തിനിടെ തകർന്ന അണ്ടിക്കോട്ട് കടവ് റോഡ് 3 വർഷമാകാറായിട്ടും പുനർ നിർമിച്ചില്ലെന്ന് പരാതി. റോഡ് തകർന്നതിന്റെ നഷ്ടപരിഹാരമായി 11 ലക്ഷത്തോളം രൂപ കൃഷിവകുപ്പ് പഞ്ചായത്തിനു അടച്ചിട്ടും പുനർനിർമാണം വൈകുന്നുവെന്നാണ് ആക്ഷേപം.
2021 ജനുവരിയിലാണ് വടക്കേകാട്- പുന്നയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്. കുട്ടാടൻ വികസനത്തിന്റെ ഭാഗമായി ആലാപ്പാലം തോട്ടിൽ സ്ലൂയിസ് നിർമിക്കാൻ മണ്ണ് കോരുന്നതിനിടെയാണ് സമീപത്തെ റോഡ് 50 മീറ്ററോളം ദൂരം വിണ്ടുകീറിയത്. ഇതോടെ റോഡിലൂടെ ഗതാഗതം പൂർണമായി നിലച്ചിരുന്നു. സ്ലൂയിസ് നിർമാണം കഴിയുന്ന സമയത്ത് മണ്ണ് അടിച്ചാണ് റോഡിലെ ഗർത്തങ്ങൾ നികത്തിയത്. വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി റോഡ് പുനർ നിർമിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചെങ്കിലും നടന്നില്ല. . മഴ പെയ്താൽ റോഡിലെ വെള്ളക്കെട്ടും അപകടത്തിനു കാരണമാകുന്നു. വടക്കേകാട് നായരങ്ങാടിയിലേക്കുള്ള എളുപ്പവഴിയാണ് ഇത്.
പഞ്ചായത്ത് മരാമത്ത് വിഭാഗം റോഡ് പുനർ നിർമാണത്തിനായി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക സ്ലൂയിസിന്റെ പണി കഴിയുന്നസമയത്ത് തന്നെ പഞ്ചായത്തിനു അടച്ചെന്നാണ് കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം പറയുന്നത്. റോഡ് നിർമിക്കേണ്ടത് പഞ്ചായത്ത് ആണെന്നും ഇവർ വ്യക്തമാക്കുന്നു. റോഡ് അറ്റകുറ്റ പണി നടത്തിയെന്നും ടാറിങ്ങിനു ഈ വർഷം തുക വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ പറഞ്ഞു.